‘മലങ്കര സഭയിലെ എല്ലാ പള്ളികളും ആഗോള സുറിയാനി സഭയുടെ ഭാഗം’: സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് സഭാധ്യക്ഷന് പാത്രിയാർക്കിസ് ബാവയുടെ കത്ത്

സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് സഭാധ്യക്ഷന് പാത്രിയാർക്കിസ് ബാവയുടെ കത്ത്. മലങ്കര സഭയിലെ എല്ലാ പള്ളികളും ആഗോള സുറിയാനി സഭയുടെ ഭാഗമാണെന്ന് കത്തിൽ പറയുന്നു. പാത്രിയാർക്കിസിന്റെ അധികാരം ഓർത്തഡോക്‌സ് സഭ അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
സുപ്രിംകോടതി വിധിക്ക് പിന്നാലെ മലങ്കരയിലെ ഇരു സഭാ വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായതിന് പിന്നാലെയാണ് ആഗോള സുറിയാനി സഭയുടെ അധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിദീയൻ ഓർത്തഡോക്‌സ് സഭയ്ക്ക് കത്തയച്ചത്. യാക്കോബായ സഭ ഭാഗമായ ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനാണ് പാത്രിയാർക്കീസ്. പാത്രിയാർക്കിസിന്റെ ആത്മീയ അധികാരം 1934 ഭരണഘടനയിലും സുപ്രിംകോടതി വിധിയിയിലും അംഗീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ വിഭാഗം വ്യക്തത വരുത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
അന്ത്യോക്യൻ പാത്രിയാർക്കീസുമായുള്ള ബന്ധം വിച്ഛേദിച്ച ഓർത്തഡോക്‌സ് സഭയുടെ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ സഭയ്ക്ക് നിയമപരമായ നിലനിൽപ്പില്ല. സമാധാന ശ്രമങ്ങൾക്ക് താൻ മുൻകൈയെടുത്തെങ്കിലും ഓർത്തഡോക്‌സ് വിഭാഗം പിന്തുണച്ചില്ലെന്നും പാത്രീയാർക്കിസ് കത്തിൽ പറയുന്നു. സമവായ ചർച്ചകളാകാമെന്ന് സുപ്രിം കോടതി വിധിയിൽ തന്നെ പറയുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് ഓർത്തഡോക്‌സ് സഭാ അധ്യക്ഷന് പാത്രിയാർക്കിസ് ബാവ കത്തയക്കുന്നത്. പാത്രിയാർക്കിസിന്റെ ഭൗതിക അധികാരത്തെ എതിർത്തായിരുന്നു മലങ്കര സഭയിലെ പിളർപ്പും പിന്നാലെ സ്വതന്ത്ര അധികാര കേന്ദ്രമായ കാതോലിക്കേറ്റ് സ്ഥാപിച്ചതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here