‘അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പ്രധാനമന്ത്രിയും പിന്തുണക്കണം’; നരേന്ദ്ര മോദിക്ക് ശശി തരൂരിന്റെ കത്ത്

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പ്രധാനമന്ത്രിയും പിന്തുണയ്ക്കണമെന്ന് ശശി തരൂർ എം പി. ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് തരൂരിന്റെ പ്രതികരണം.

സംസ്‌കാരിക നായകർക്കെതിരെ കേസെടുത്തത് അത്യന്തം അസ്വസ്ഥതയുളവാക്കുന്നുവെന്ന് ശശി തരൂർ കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്കും സർക്കാരിനും എതിരായ കാര്യമാണെങ്കിൽ പോലും അത് പരസ്യമായി സ്വാഗതം ചെയ്യാൻ തയ്യാറാകണമെന്നും തരൂർ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അത് തെറ്റാണെന്നും തരൂർ കത്തിൽ വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അൻപതോളം പ്രമുഖർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിഹാറിൽ അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂർ ഗോപാല കൃഷ്ണൻ, രേവതി, അപർണാ സെൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കൽ എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ജൂലായിലാണ് 50ഓളം പേർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു എന്ന് കത്തിൽ ചോദിച്ചിരുന്നു.

Read also: സാംസ്‌കാരിക നായകർക്കെതിരെ കേസെടുത്ത സംഭവം ജനാധിപത്യവിരുദ്ധമെന്ന് സീതാറാം യെച്ചൂരി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More