കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 271 സർവീസുകൾ

താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടത് മൂലം കെഎസ്ആർടിസിയിൽ ഉടലെടുത്ത പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ ഇന്ന് 271 സർവീസുകൾ റദ്ദാക്കി. ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിച്ചെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.
കെഎസ്ആർടിസിയിൽ പ്രതിസന്ധി മറികടക്കാൻ താൽക്കാലിക പരിഹാരമായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നുണ്ട്. എന്നിട്ടും പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ദിവസക്കൂലിക്കാരുടെ സേവനം തിരക്കുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും. 271 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. ദക്ഷിണ മേഖലയിൽ നൂറ്റിയേഴും മധ്യമേഖലയിൽ നൂറ്റി ഇരുപത്തിയഞ്ചും ഉത്തരമേഖലയിൽ 39 സർവീസുകളും റദ്ദാക്കി.
ഷെഡ്യൂളുകൾ പൂർണമായും പഴയപടിയാകാത്തതിനാൽ യാത്രാക്ലേശം തുടരുകയാണ്. ദിവസക്കൂലിക്കാരെ എടുക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ല എന്ന നിലപാടാണ് മാനേജ്മെന്റിന്. പ്രവൃത്തി പരിചയം അനുസരിച്ച് മുൻഗണനാ ക്രമം നൽകി ഇവരെ സ്ഥിരം ജീവനക്കാരില്ലാത്ത ഡ്യൂട്ടികളിലാണ് നിയോഗിച്ചിട്ടുള്ളത്. ഡ്യൂട്ടി കഴിയുമ്പോൾ വൗച്ചർ ഒപ്പിട്ട് വേതനം നൽകും. ശമ്പളം മുടങ്ങിയതോടെ തൊഴിലാളി യൂണിയനുകൾ സമരം ആരംഭിച്ചതും കോർപ്പറേഷന് തിരിച്ചടിയായി. ഭരണപക്ഷത്തുളള സിഐടിയുവും എഐടിയുസിയും സമരം തുടരുകയാണ്. ഓരോ മാസവും സർക്കാർ നൽകാറുളള സഹായം 15 കോടിയായി കുറച്ചതാണ് ശമ്പള വിതരണം അനിശ്ചിതത്വത്തിലാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here