റഫാൽ യുദ്ധവിമാനം ആയുധ പൂജ ചെയ്തതിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഗാർജുന ഖാർഖെ

ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആയുധ പൂജ ചെയ്തതിനെ വിമർശിച്ച് കോൺഗ്രസ്. ഇന്നലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആദ്യ റഫാൽ യുദ്ധ വിമാനം നിർമ്മാതാക്കളായ ദസോട്ട് ഏവിയേഷനിൽ നിന്ന് ഏറ്റ് വാങ്ങിയത്.
തുടർന്ന് വിജയദശമി ദിനത്തിന്റെ ഭാഗമായി ആയുധ പൂജ നടത്തുകയും ചെയ്തു. ഈ സംഭവത്തെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഗാർജുന ഖാർഖെ വിമർശിച്ചത്. ബോഫേഴ്‌സ് തോക്കുകൾ സ്വീകരിക്കാൻ ആരും പോയിരുന്നില്ല. ഇത്തരം നാടകങ്ങൾ വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന്റെ മേന്മ വ്യോമസേനയാണ് വിലയിരുത്തേണ്ടതെന്നും ഖാർഖെ കൂട്ടിചേർത്തു.
Read Also: റഫാലിന് ശാസ്ത്ര പൂജ ചെയ്യുന്ന രാജ്നാഥ് സിംഗ്: വീഡിയോ കാണാം
അതേ സമയം മല്ലിഗാർജുന ഖാർഖെക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് എത്തി. ആയുധ പൂജ വിജയദശമി ദിനത്തിൽ നടത്തുന്നതല്ലേയെന്നും എന്താണ് വിമർശിക്കപ്പെടേണ്ടതെന്ന് കോൺഗ്രസ് ചിന്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.ഹരിയാനയിലെ കൈതാലിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് കോൺഗ്രസിന് അമിത് ഷാ മറുപടി പറഞ്ഞത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ദസോൾട്ട് ഏവിയേഷനിലെത്തിയാണ് റഫാൽ ഏറ്റുവാങ്ങിയത്. റഫാൽ വിമാനം ഇന്ത്യയുടെ വ്യോമാധിപത്യം വർധിപ്പിക്കുമെന്ന് ചടങ്ങിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന് ഈ സന്ദർശനം കാരണമാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ സന്ദർശിച്ചശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
2016 സെപ്റ്റംബറിലാണ് 36 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ടത്. 59,000 കോടി രൂപയുടേതാണ് പദ്ധതി. റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് 2020 മെയോട് കൂടെ ഇന്ത്യയിലെത്തും. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന പോർവിമാനമാണ് റഫാൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here