കണ്ടു, ഇഷ്ടപ്പെട്ടു: ഭക്ഷണം എത്തിച്ചു നൽകിയ വീട്ടിലെ പട്ടിയെ മോഷ്ടിച്ച് സൊമാറ്റോ ഡെലിവറി ബോയ്

ഭക്ഷണം എത്തിച്ചു നൽകിയ വീട്ടിലെ വളർത്തു നായയെ മോഷ്ടിച്ച് സൊമാറ്റോ ഡെലിവറി ബോയ്. പൂനയിലാണ് സംഭവം നടന്നത്. പട്ടിയെ മോഷ്ടിച്ച ഡെലിവറി ബോയിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആൾ കുറ്റസമ്മതം നടത്തിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

കാർവെ റോഡിലെ താമസക്കാരിയായ വന്ദന ഷാ ട്വിറ്ററിലൂടെയാണ് തൻ്റെ പട്ടിയെ കാണാതായ വിവരം പങ്കുവെച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വീടിൻ്റെ പരിസരത്ത് കളിക്കുന്ന ഡോട്ടു എന്ന് പേരുള്ള തൻ്റെ നായയെ സിസിടിവി ദൃശ്യങ്ങളിലാണ് താൻ അവസാനമായി കണ്ടതെന്നാണ് വന്ദന പറഞ്ഞത്. പിന്നീട് കുറേ നേരം നായയെ ദൃശ്യങ്ങളിലൊന്നും കണ്ടില്ല. ഇതോടെ ഇവർ നായയെ തിരഞ്ഞിറങ്ങി. സമീപത്തുള്ള ഒരു ഭക്ഷണശാലയിലുണ്ടായിരുന്നവരാണ് സൊമാറ്റോ ഡെലിവറി ബോയുടെ കയ്യിൽ നായയെ കണ്ടുവെന്ന് വന്ധനയെ അറിയിച്ചത്.


ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്ന് ഡെലിവറി ബോയുടെ പേര് തുഷാർ എന്നാണെന്ന് വ്യക്തമായി. ഇയാളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വന്ദന തുഷാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതോടെ ഡോട്ടുവിനെ എടുത്തത് താൻ തന്നെയാണെന്ന് വന്ദനയോട് തുഷാർ ഏറ്റുപറഞ്ഞു. നായയെ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും തുഷാർ പല ഒഴികഴിവുകളും പറഞ്ഞ് കോൾ കട്ട് ചെയ്തുവെന്നും വന്ദന വെളിപ്പെടുത്തി.

തുടർന്ന് വന്ദന പൊലീസിൽ പരാതിപ്പെടുകയും സൊമാറ്റോയിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് വന്ദന ആരോപിക്കുന്നു. സൊമാറ്റോയും നടപടിയൊന്നും എടുത്തില്ലെന്നും ഇവർ പറയുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More