കൂടത്തായി കൊലപാതകം; മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നു

കൂടത്തായി കൊലപാതക പരമ്പരയിൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട മൂന്ന് പ്രതികളെയും വടകര റൂറൽ എസ്.പി ഓഫീസിൽ അന്വേഷണം സംഘം ചോദ്യം ചെയ്യുകയാണ്. ജോളിയടക്കമുളള പ്രതികളെ ആറ് ദിവസത്തേക്കാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നേരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധമാണുണ്ടായത്.

മൂന്നാം പ്രതിയായ പ്രജികുമാറിനെയാണ് കോഴിക്കോട് ജില്ല ജയിലിൽ നിന്നും ആദ്യം പുറത്തിറക്കിയത്. കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞ പ്രജികുമാർ എലിയെക്കൊല്ലാൻ വേണ്ടിയാണ് തന്റെ കൈയ്യിൽ നിന്നും മാത്യു സൈനേഡ് വാങ്ങിയതെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.

പത്തരയോടെ ഒന്നാം പ്രതി ജോളിയെ വനിത സെല്ലിൽ നിന്നും പുറത്തിറക്കി. മുഖം മറച്ച് നടന്ന് നീങ്ങിയ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. താമരശ്ശേരി കോടതി പരിസരത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പ്രതികളെ കൂക്കിവിളിച്ചു.

പ്രതികളെ 10 ദിവസം വിട്ട് കിട്ടണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ ആറ് ദിവസത്തേക്ക് മൂന്ന് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ നൽകി. ജോളിക്ക് വേണ്ടി അഡ്വക്കറ്റ് ബി.എ ആളൂർ അസോസിയേറ്റ്സിലെ അഭിഭാഷകർ ഹാജരായി.

ഈ മാസം 16ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യാപേക്ഷയും പരിഗണിക്കും. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികളുടെ ചോദ്യം ചെയ്യൽ വീഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്. ഇതിനിടയിൽ രണ്ട് എൻഐടി വിദ്യാർഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രതികളുടെ തെളിവെടുപ്പ് നാളെ നടന്നേക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More