ഇറാനിൽ ചരിത്രം പിറന്നു; 40 വർഷങ്ങൾക്കു ശേഷം സ്ത്രീപാദം പതിഞ്ഞ മത്സരത്തിൽ ഇറാന് എതിരില്ലാത്ത 14 ഗോളുകളുടെ ജയം

40 വർഷം! നാലു പതിറ്റാണ്ട്! ഇറാനിലെ വനിതകൾ ഒരു ശരാശരി മനുഷ്യായുസിൻ്റെ പകുതിയും ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്ന് അയിത്തം കല്പിക്കപ്പെട്ട് പുറത്തു നിന്നു. ഇന്നലെയാണ് ആ പതിവ് തെറ്റിയത്. ഇറാനിലെ ആസാദി സ്റ്റേഡിയത്തിലേക്ക് സ്ത്രീകൾ കൂട്ടമായെത്തി. ചരിത്രത്തിൽ കുറിക്കപ്പെട്ട മത്സരം ഇറാൻ ആഘോഷിച്ചത് എതിരാളികളെ എതിരില്ലാത്ത 14 ഗോളുകൾക്ക് തകർത്തു കൊണ്ടാണ്.
ചരിത്രത്തിലേക്കെത്തുന്നത് ‘നീലപ്പെൺകുട്ടി’ എന്നറിയപ്പെടുന്ന ഇറാൻ ആരാധിക സഹർ കൊദയാരിയുടെ മരണം കാരണമായിരുന്നു. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാൻ പോയെന്ന കാരണത്താൽ അറസ്റ്റ് ചെയ്യപ്പെട്ട സഹർ കോടതിക്കു പുറത്ത് സ്വയം തീക്കൊളുത്തി മരിച്ചു. ലോകവ്യാപകമായി പ്രതിഷേധസ്വരങ്ങളുയർന്നു. നിയമം മാറ്റണമെന്ന് ഫിഫ ആവശ്യപ്പെട്ടു. ഇറാനിൽ കളിക്കാതിരിക്കുന്നതാണ് നല്ലതെന്ന് യുവേഫ തങ്ങളുടെ കീഴിലുള്ള ക്ലബുകളോടും രാജ്യങ്ങളോടും അവശ്യപ്പെട്ടു. ഇറാനിലെ തെരുവുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റ സ്ക്രീനുകൾക്ക് മുന്നിൽ വനിതകളുടെ ഒഴുക്ക് കാണപ്പെട്ടു. ഇറൻ അധികാരികൾ വിയർത്തു. അതിൻ്റെ ഫലമാണ് ഇന്നലെ കണ്ടത്.
4600 ടിക്കറ്റുകളാണ് സ്ത്രീകൾക്കായി മാറ്റി വെച്ചത്. ആദ്യം 3500 ടിക്കറ്റുകൾ മാറ്റി വെച്ചു. അത് ശരവേഗത്തിൽ വിറ്റഴിക്കപ്പെട്ടു. വീണ്ടും 1100 ടിക്കറ്റുകൾ കൂടി നൽകി. അതും അതിശയിപ്പിക്കുന്ന വേഗത്തിൽ അതും വിറ്റഴിക്കപ്പെട്ടു. 40 വർഷങ്ങൾക്കു ശേഷം കിട്ടിയ സ്വാതന്ത്ര്യം ഇറാൻ വനിതകൾ നന്നായി അസ്വദിച്ചു. ഇവർക്കൊപ്പം ഇറാൻ ടീമും അഘോഷത്തിൽ പങ്കാളികളായി.
എതിരാളികളായ കംബോഡിയയെ ചരിത്രം തിരുത്തപ്പെട്ട മത്സരത്തിൽ അവർ തകർത്തത് എതിരില്ലാത്ത 14 ഗോളുകൾക്കാണ്. രണ്ട് പേർ ഹാട്രിക്ക് നേടി. അതിലൊരാൾ നേടിയത് നാലു ഗോളുകൾ. രണ്ട് പേർ രണ്ട് ഗോളുകൾ വീതവും മറ്റു രണ്ട് പേർ ഓരോ ഗോളുകൾ വീതവും നേടി.
1979ലാണ് കായിക മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണുന്നതിൽ നിന്നും ഇറാൻ യുവതികളെ തടഞ്ഞത്. അതിനു ശേഷം പലപ്പോഴായി പല യുവതികളും വേഷം മാറിയും മറ്റും ഫുട്ബോൾ മത്സരങ്ങൾ കാണാൻ സ്റ്റേഡിയങ്ങളിലെത്തി. ഇടയിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൻ്റെ അവസാനമാണ് സഹർ കൊദയാരി മരണപ്പെടുന്നത്. മത്സരം കാണാനെത്തിയതിനെത്തുടർന്ന് അറസ്റ്റിലാവുകയും അതിൽ പ്രതിഷേധിച്ച് സ്വയം തീക്കൊളുത്തുകയും ചെയ്തതായിരുന്നു മരണ കാരണം.
ഇറാൻ ക്ലബ് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതിനെതിരെ നിയമ പോരാട്ടം നടത്തിയെങ്കിലും യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധ സൂചകമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here