മാത്യുവിനെ കൊന്നത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയെന്ന് ജോളി

അന്നമ്മയുടെ സഹോദരൻ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തപ്പോഴാണ് ജോളി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
മാത്യുവും താനും ഒരുമിച്ചിരുന്ന് മദ്യം കഴിച്ച മുറി ജോളി പൊലീസിന് കാണിച്ചുകൊടുത്തു. അവിടെവച്ചാണ് മദ്യത്തിൽ സയനൈഡ് കലർത്തി മാത്യുവിന് നൽകിയതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. മുൻപും മാത്യുവിനൊപ്പം മദ്യപിച്ചിട്ടുണ്ടെന്നും ജോളി വ്യക്തമാക്കി.
പൊന്നാമറ്റത്തെ വീട്ടിൽ ജോളിയുമായി നടത്തിയ തെളിവെടുപ്പിൽ സയനൈഡ് സൂക്ഷിച്ചിരുന്ന മൂന്ന് ഡപ്പികൾ കണ്ടെടുത്തു. സുഹൃത്തും സ്വർണക്കടയിലെ ജീവനക്കാരനുമായ മാത്യു രണ്ട് തവണയാണ് ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയത്. ഈ സയനൈഡ് മുഴുവൻ ഉപയോഗിച്ചു എന്നാണ് ജോളിയുടെ മൊഴി. മൂന്ന് ഡയറികളും പൊന്നാമറ്റത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തു.
Read also: കൂടത്തായി കൊലപാതകം; സയനൈഡ് കുപ്പികൾ മാലിന്യക്കുഴികളിലെന്ന് ജോളി
ആദ്യ ഭർത്താവായ റോയിക്ക് ഭക്ഷണത്തിലാണ് സയനൈഡ് കലർത്തി നൽകിയത്. ബെഡ്‌റൂമിൽ വച്ചായിരുന്നു ഭക്ഷണം നൽകിയത്. ടോമിന് ഡൈനിംഗ് ടേബിളിൽ വച്ചും ഭക്ഷണം നൽകി. സയനൈഡ് ചേർത്ത ആട്ടിൻസൂപ്പ് നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. രണ്ടാം ഉദ്യമത്തിലാണ് ജോളി ലക്ഷ്യം കൈവരിച്ചത്. സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകിയാണ് കൊലപ്പെടുത്തിയതെന്നും ജോളി തെളിവെടുപ്പിനിടെ വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here