തെളിവെടുപ്പിലുടനീളം കൂക്കിവിളിച്ച് നാട്ടുകാർ; നിർവികാരയായി ജോളി

തെളിവെടുപ്പിനെത്തിച്ച എല്ലായിടത്തും കൂക്കിവിളികളോടെയാണ് നാട്ടുകാർ ജോളിയെ വരവേറ്റത്. പൊന്നാമറ്റം തറവാട്ടിലെത്തിച്ചപ്പോഴാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടത്. ഭാവമാറ്റങ്ങളില്ലാതെ നിർവികാരയായണ് ജോളിയെ കാണപ്പെട്ടത്.
രാവിലെ വടകര വനിതാ സെല്ലിൽ നിന്ന് ജോളിയെ ഉടൻ ഇറക്കിയേക്കുമെന്ന വാർത്ത വന്ന ഉടനെ പൊന്നാമറ്റം തറവാടിന് മുന്നിൽ ആൾക്കൂട്ടം രൂപപ്പെട്ട് തുടങ്ങി. പിന്നെ അത് പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറത്തായി. പതിനൊന്ന് മണിയോടെ ജോളി പൊന്നാമറ്റം തറവാട്ടിലേക്ക്. സ്‌നേഹപരിലാളനകളോടെ മരുമകളായി കടന്നു വന്ന വീട്ടിലേക്ക് ഇത്തവണ പക്ഷേ പൊലീസുകാരുടെ അകമ്പടിയിൽ അപമാനിതയായി.
തുടർന്ന് കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുടെ വീട്ടിലെത്തിച്ചപ്പോഴും ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലെത്തിച്ചപ്പോഴും ജനക്കൂട്ടം കൂക്കി വിളികളുമായി ജോളിയെ പിന്തുടർന്നു. സിലി കൊല്ലപ്പെട്ട താമരശേരിയിലെ ദന്താശുപത്രിയിലും ജോളി അധ്യാപികയായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന മുക്കം എൻഐടിയിലും ജോളിയെ തെളിവെടുപ്പിനായെത്തിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് എല്ലായിടങ്ങളിലും സുരക്ഷ ഉറപ്പാക്കിയിരുന്നു
ദ്വിമുഖ വ്യക്തിത്വത്തിനുടമ, ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ജോളിയെ വിശേഷിപ്പിച്ചതാണിങ്ങനെ. എൻഐടിയിലെ അധ്യാപികയെന്ന അഭിമാനത്തോടെ ജോളി സഞ്ചരിച്ച അതേ ഇടങ്ങളിലൂടെയാണ് അപമാനിതയായ ജോളിയെ അന്വേഷണ സംഘം ഇന്ന് വീണ്ടും കൊണ്ടുപോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here