Advertisement

‘ബിരിയാണി’ ഒരു പ്രതികാര കഥ; സംവിധായകന്‍ സജിന്‍ ബാബു ട്വന്റിഫോറിനോട് സംസാരിക്കുന്നു

October 11, 2019
Google News 0 minutes Read

റോമില്‍ നടന്ന ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടിയ ബിരിയാണി എന്ന ചിത്രത്തിന്റെ സംവിധായകന്‍ സജിന്‍ ബാബു ട്വന്റിഫോറിനോട് സംസാരിക്കുന്നു

പ്രതീക്ഷിക്കാതിരുന്ന അവാര്‍ഡ്

ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴുണ്ടായത്. ജീവിതത്തിലെ ആദ്യത്തെ അവാര്‍ഡാണ്. അതുകൊണ്ടുതന്നെ ഈ അവാര്‍ഡ് ഏറെ വിലപ്പെട്ടതാണ്. ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിംഗായിരുന്നു ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലേത്.

ചിത്രം എല്ലാവരും കാണണം നല്ല അഭിപ്രായങ്ങള്‍ ലഭിക്കണം എന്നുമാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. പ്രഗത്ഭരായ സിനിമ പ്രവര്‍ത്തകരൊക്കെ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. എല്ലാവരെയും പരിചയപ്പെടണമെന്നുള്ള ആഗ്രഹത്തോടെയാണ് റോമിലേക്ക് പോയത്. എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞപ്പോള്‍ അവരെല്ലാം വന്ന് എന്നെ പരിചയപ്പെടുകയായിരുന്നു. അഭിനന്ദനങ്ങളും ഏറെ ലഭിച്ചു.

ബിരിയാണി സ്ത്രീകളുടെ കഥ

ഒരു മുസ്ലീം സ്ത്രീയുടെ ജീവിത കഥയാണ് ബിരിയാണിയുടെ പ്രധാന പ്രമേയമായി വരുന്നത്. നമുക്ക് പരിചയമുള്ളവരില്‍ എഴുപതു ശതമാനത്തോളം സ്ത്രീകളും ചിത്രത്തിലെ കഥാപാത്രമായ ഖദീജ അനുഭവിക്കുന്ന തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെയാണ് ബിരിയാണി സ്ത്രീകളുടെ കഥയായി മാറുന്നത്.

നിലവില്‍ രാജ്യം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെ വേറിട്ട രീതിയില്‍ വരച്ചുകാണിക്കുന്നതിനാണ് ബിരിയാണിയില്‍ ശ്രമിച്ചിരിക്കുന്നത്. തീവ്രവാദി സംഘടനയായ ഐഎസ്‌ഐഎസിന്റെ മറ്റൊരു മുഖവും ബിരിയാണിയിലൂടെ കാണാം. ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ ഖദീജ എന്ന സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് കഥയുടെ പ്രധാന ഭാഗം.

ബിരിയാണിയെ ഒരു പ്രതികാര കഥയെന്ന് വിളിക്കാം. ഖദീജ എന്ന സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അതിനെ നേരിടാന്‍ അവര്‍ ശ്രമിക്കുന്നതുമാണ് പ്രമേയം. സമൂഹത്തോട് വേറിട്ട രീതിയിലുള്ള ഒരു പ്രതികാരമാണ് ഖദീജ നടത്തുന്നത്. കനി കുസൃതിയാണ് ഖദീജ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കണ്ടുകഴിയുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രധാന കഥാപാത്രമായ ഖദീജയെ ചുറ്റുവട്ടത്തുനിന്ന് കണ്ടെത്താനാകുമെന്നതും പ്രത്യേകതയാണ്.

തിയറ്ററുകളിലേക്ക്

ചിത്രം കേരളത്തിലെ തിയറ്ററുകളിക്ക് എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നിര്‍മാതാവും തിയറ്റര്‍ ഉടമകളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

അണിയറ പ്രവര്‍ത്തകര്‍

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയില്‍ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ലിയോ ടോം സംഗീത സംവിധാനം, നിധീഷ് ചന്ദ്ര ആചാര്യ ആര്‍ട്ട് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നു.

ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവല്‍

ഈമാസം മൂന്നിന് ആരംഭിച്ച ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവല്‍ ഒമ്പതിനാണ് അവസാനിച്ചത്. മത്സരവിഭാഗത്തില്‍ നിന്നാണ് ബിരിയാണി തെരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് സിനിമകളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ് ജൂറി ചെ ചെയര്‍മാനായിരുന്നു. ശ്രീലങ്കന്‍ സംവിധായകന്‍ അശോക ഹന്ദഗാമ, നിരൂപകന്‍ മാര മാറ്റ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

തിരുവനന്തപുരം നെടുമങ്ങാട് വെമ്പില്‍കൂപ്പ് സ്വദേശിയായ സജിന്‍ ബാബു ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here