ആദമിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചു; തൃശൂർ സ്വദേശിയായ ഭിന്നലിംഗക്കാരന്റെ പൈലറ്റാകാനുള്ള പഠന ചെലവുകൾ ഏറ്റെടുത്ത് സർക്കാർ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. ഒടുവിൽ ആദമിന്റെ വൈമാനികനാകാനുള്ള ചിരകാല സ്വപ്‌നത്തിന് ചിറക് മുളച്ചിരിക്കുകയാണ്. ഭിന്നലിംഗക്കാരനായ തൃശൂർ സ്വദേശി ആദം ഹാരിയുടെ പഠന ചെലവുകൾ സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തു.
പൈലറ്റ് ആവാനായി ഏറെ നാളായി ആദം പണിപ്പെടുകകയായിരുന്നു. എന്നാൽ ആദമിന്റെ കഷ്ടതകൾ കണ്ട് പഠനച്ചെലവ് ഏറ്റെടുത്ത് പൈലറ്റാവുക എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് ആദമിനെ എത്തിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. തിരുവനന്തപുരം രാജിവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിലെ ത്രിവത്സര കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് വിദ്യാർത്ഥിയാണ് ആദം. ഹോസ്റ്റൽ ഫീസും പഠനവും അടക്കം 23.34 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 7.78 ലക്ഷം രൂപ കൈമാറിക്കഴിഞ്ഞു.
2017 ലാണ് ആദം ട്രാൻസ്‌ജെൻഡറാണെന്ന് ആദമിന്റെ കുടുംബം മനസ്സിലാക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ജൊഹാനസ്ബർഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്‌ളൈയിംഗ് ക്ലബിൽ പഠിക്കുകയായിരുന്നു ആദം അപ്പോൾ. വീട്ടുകാർ കൈയ്യൊഴിഞ്ഞതോടെ ടോയ്‌ലെറ്റ് സൗകര്യം പോലുമില്ലാത്ത ഇടുങ്ങിയ മുറിയിലേക്ക് ആദമിന് താമസിക്കേണ്ടി വന്നു. ജീവിക്കാനായും പഠനചെലവുകൾക്കായും പല ജോലികളും ചെയ്യേണ്ടി വന്നു ആദമിന്. വീടുവിട്ട ആദമിന് സാമൂഹ്യ വിരുദ്ധരിൽ നിന്നും കൊടി പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. പഠനം പൂർത്തിയാക്കിയെങ്കിലും എയർലൈൻസിൽ ജോലി ലഭിക്കാൻ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് വേണം. ഇതിനായുള്ള പരിശ്രമത്തിലാണ് നിലവിൽ ആദം.
നിരവധി ഏവിയേഷൻ കോളജുകളിൽ ആദം അപേക്ഷ നൽകിയിരുന്നുവെങ്കിലും രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണ് ആദമിന് സീറ്റ് നൽകിയത്. അടുത്തയാഴ്ച്ച ആദം പഠനത്തിന് ചേരും. പഠനം പൂർത്തിയാക്കുന്നതോടെ കൊമേർഷ്യൽ പൈലറ്റ് ലൈസൻസുള്ള ആദ്യ ട്രാൻസ്‌ജെൻഡറാകും ആദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here