Advertisement

വിവരാവകാശ നിയമത്തിന് ഇന്ന് പതിനാല് വയസ്

October 12, 2019
Google News 1 minute Read

വിവരാവകാശ നിയമത്തിന് ഇന്ന് പതിനാല് വയസ്. വിപ്ലവകരമായ നിയമത്തെ ലഘൂകരിക്കാൻ നടക്കുന്ന നിയമ നിർമാണ ശ്രമങ്ങൾക്ക് ഇടയിലാണ് രാജ്യം ഇന്ന് വിവരാവകാശ നിയമത്തിന്റെ പതിനാലാം വാർഷികം രാജ്യം ആഘോഷിക്കുന്നത്. പാർലമെന്റ് പാസാക്കിയ രാജ്യത്തെ ഏറ്റവും സുപ്രധാനമായ ജനപക്ഷ നിയമമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമം ഭാരത പാർലമെന്റ് പാസ്സാക്കിയപ്പോൾ, ‘ന്യൂയോർക്ക് ടൈംസ്’ എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി ‘ഭാരത ജനാധിപത്യത്തിന് പ്രായപൂർത്തിയായെന്ന്.’

വിവരാവകാശം

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്ത്വം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

ഇതനുസരിച്ച്, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം. എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട് . അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണവും അവാസ്തവുമായ വിവരമാണ് കിട്ടിയതെങ്കിൽ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധിപ്പിക്കേണ്ടതില്ല.

എന്നാൽ ഇതിൽ ചില വിലക്കപ്പെട്ട വിവരങ്ങളുണ്ട്

  • ഭാരതത്തിന്റെ പരമാധികാരത്തേയോ, ഐക്യത്തേയോ, സുരക്ഷയേയോ, ശാസ്ത്ര, സാമ്പത്തിക, തന്ത്രപരമായ താത്പര്യങ്ങളേയോ, ഇതരരാജ്യങ്ങളുമായുള്ള ബന്ധത്തേയോ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളും, നിയമപരമായി ഒരു കുറ്റം ആയിത്തീരാൻ പ്രേരകമാവുന്നകാര്യങ്ങളും.
  • കോടതികളോ, ട്രൈബ്യൂണലുകളോ, പ്രസിദ്ധീകരിക്കരുതെന്നു വിലക്കിയിട്ടുള്ളവ അല്ലെങ്കിൽ കോടതി അലക്ഷ്യമാകാവുന്ന വിവരങ്ങൾ.
  • കേന്ദ്ര-സംസ്ഥാന നിയമസഭകളുടെ വിശേഷാവകാശങ്ങളെ ബാധിക്കുന്നവ.
  • വെളിപ്പെടുത്തപ്പെട്ടാൽ ഒരു മൂന്നാം കക്ഷിയുടെ മത്സരശേഷിയെ ഹനിക്കുന്ന വാണിജ്യരഹസ്യങ്ങളും ബൗദ്ധികസ്വത്തും; അല്ലെങ്കിൽ അവ പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമുണ്ടായിരിക്കണം.
  • പൊതുതാത്പര്യങ്ങൾക്കായി വെളിപ്പെടുത്തേണ്ടതാണെന്നു അധികാരികൾക്ക് ബോദ്ധ്യമില്ലാത്തതും ഫിഡൂഷിയറി ബന്ധങ്ങളിൽ നിന്ന് ലഭിച്ച അയാളെക്കുറിച്ചുള്ള വിവരങ്ങൾ.
  • വിദേശ സർക്കാരുകളിൽ നിന്നു ലഭിച്ച രഹസ്യവിവരങ്ങൾ
    ഒരാളുടെ ജീവനോ, ശാരീരിക സുരക്ഷയോ അപകടപ്പെടുത്തുന്നതും, വിവരത്തിന്റെ പ്രഭവം വെളിപ്പെടുത്തുന്നതും, നിയമപാലനത്തിനോ സുരക്ഷക്കോ ആയി നൽകിയതും ആയ രഹസ്യ വിവരങ്ങൾ.
  • കുറ്റവാളികൾക്കെതിരെയുള്ള അന്യോഷണ പ്രക്രിയയെയോ അറസ്റ്റിനെയോ കുറ്റവിചാരണയേയോ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ.
  • പൊതുതാത്പര്യങ്ങളുമായി ബന്ധമില്ലാത്തതും, ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ അനാവശ്യ ഇടപെടലുണ്ടാക്കുന്നതുമായ കാര്യങ്ങൾ.
  • പകർപ്പവകാശം ലംഘിച്ചേക്കാവുന്ന വിവരങ്ങൾ.
  • വിലക്കപ്പെട്ട വിവരങ്ങളിൽ നിന്നു വേർപെടുത്താവുന്ന വിവരാംശങ്ങൾ.

 

2018-2019 വർഷത്തിൽ വിവരാവകാശ നിയമ ലംഘനം നടത്തിയ ഉചിത അധികാരികളിൽ കേവലം 3 ശതമാനത്തിനെതിരെ മാത്രമാണ് നടപടികൾ സ്വീകരിക്കപ്പെട്ടത് എന്നതും വിവരാവകാശ നിയമത്തിനെതിരായ നീക്കങ്ങൾക്ക് ഉദാഹരണമാണ്. 2005 ൽ വിവരാവകാശ നിയമം പിറന്നപ്പോൾ ഉദ്യോഗസ്ഥ രാഷ്ട്രീയ ദുഷ് പ്രഭുത്വം നേരിട്ടത് വലിയ വെല്ലു വിളിയാണ്. അഴിമതിക്കും സ്വജന പക്ഷപാദത്തിനും എതിരായ ആയുധമായി വിവരവകാശ നിയമം രാജ്യത്തിന് പുതിയ പ്രതിക്ഷകൾ നൽകി. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം 14 വർഷത്തിന് ശേഷം പരിശോധിച്ചാൽ കാണാനാകുക ബന്ധനസ്ഥയായ നിയമത്തെ ആണ്. വിവരാവകാശ സമയപരിധി പാലിക്കാനോ ഉത്തരങ്ങൾ നൽകാനോ കൂട്ടാക്കാത്ത ഉദ്യോഗസ്ഥരും അഴിമതിക്ക്‌ എതിരായ രേഖകൾ പുറത്ത് വരാതിരിക്കാൻ ഒരോ ദിവസവും ഭേഭഗതി നിർമിക്കുന്ന രാഷ്ട്രീയ നേതൃത്വവും വിവരാവകാശ നിയമത്തിനെ അപായപ്പെടുത്താൻ മത്സരിക്കുന്നു. വസ്തുതാപരമായ കണക്കുകൾ പരിശോധിച്ചാൽ വിവരാവകശ നിയമം നേരിടുന്ന വെല്ലുവിളി രാജ്യത്ത് എത്രമാത്രം ആണെന്നത് ബോധ്യമാകും. സെൻട്രൽ ഇക്യുറ്റി സ്റ്റഡിസ് മറ്റൊരു എജൻസിയുടെ സഹായത്തോടെ നടത്തിയ പഠനമാണ് ഇതിൽ എറെ പ്രധാനം. 2018-19 കാലയളവിൽ വിവരം നൽകാൻ ബോധപൂർവ്വം കാലതാമസം വരുത്തുകയോ നൽകാതിരിക്കുകയോ ചെയ്ത ഇൻഫർമേഷൻ ഓഫീസർമാരിൽ കേവലം മൂന്ന് ശതമാനത്തിന് മാത്രമാണ് പിഴ ശിക്ഷ ലഭിച്ചത് എന്നതാണ്. രാജ്യത്തെ ഇരുപത്തി രണ്ട് കമ്മീഷനുകളുടെയും ദേശീയ വിവരാവകാശകമ്മീഷന്റെ കേസ് വിവരവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ. തമിഴ്‌നാട്, സിക്കിം മിസോറാം, ത്രിപുര സംസ്ഥാനങ്ങൾ ഒരു കേസിൽ പോലും പിഴശിക്ഷ ചുമത്തിയില്ല. കേരളത്തിൽ ഒരു കേസിൽ മാത്രമാണ് 2018 ജനുവരിക്കും 2019 മാർച്ചിനും ഇടയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ പിഴ ശിക്ഷ വിധിച്ചത്.

വിവരാവകാശ കമ്മീഷനുകളുടെ ജോലിഭാരം വർധിക്കുന്നതിന് നേരെ സർക്കാർ കണ്ണടയ്ക്കുന്നതും നിയമം നോക്കുകുത്തിയാകാൻ കാരണമാണ്. കഴിഞ്ഞ വർഷം 1.85 ലക്ഷം കേസുകൾ കെട്ടിക്കിടന്ന സ്ഥാനത്ത് ഈ വർഷം പരിഹാരം കാത്ത് ഫയലിൽ കഴിയുന്ന അപ്പിലുകളുടെ എണ്ണം 2.18 ലക്ഷമായി വർധിച്ചു
പതിനാല് വയസ് തികയുന്ന വിവരവകാശ നിയമം നേരിടുന്ന വെല്ലുവിളികൾ അതുകൊണ്ട് തന്നെ സമഗ്രമായി വിലയിരുത്തപ്പെടുകയും പരിശോധിക്കുകയും വേണം. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം. അല്ലാത്തപക്ഷം വിപ്ലവകരമയ ഈ നിയമം ഇപ്പോൾ കാലഹരണപ്പെട്ട നിയമങ്ങളുടെ കൂട്ടത്തിൽ മുദ്രകുത്തപ്പെടുന്ന കാലം എറെ ദൂരത്തല്ല.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here