മരട് ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപത്ത് താമസിക്കുന്നവർക്ക് പ്രത്യേക സുരക്ഷ നൽകുമെന്ന് സബ് കളക്ടർ

മരടിലെ ഫ്ളാറ്റുകൾക്ക് സമീപം താമസിക്കുന്നവർക്ക് സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകം പരിഗണന നൽകുമെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഫ്ലാറ്റ് പൊളിക്കുമ്പോൾ വീടുകളിൽ നിന്ന് മാറി നിൽക്കാൻ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും സബ് കളക്ടർ ഉറപ്പ് നൽകി. അതേ സമയം നഗരസഭ വിളിച്ചുകൂട്ടിയ യോഗത്തിൽ എംഎൽഎ പങ്കെടുത്തത് ആശങ്കയ്ക്കിടയാക്കി.
ഫ്ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ചുള്ള നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനായി നഗരസഭ വിളിച്ചുകൂട്ടിയ യോഗത്തിൽ സ്ഥലം എംഎൽഎ .എം സ്വരാജ് പങ്കെടുക്കാനെത്തിയിരുന്നു. എംഎൽഎ പങ്കെടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാകുമോ എന്ന ആശങ്കയെ തുടർന്ന് സബ് കളക്ടർ സ്ഥലത്ത് എത്തിയ ശേഷം തിരിച്ചുപോയത് തുടക്കത്തിൽ നാട്ടുകാരുടെ ബഹളത്തിനിടയാക്കി. യോഗം മാറ്റിവെക്കാൻ കഴിയില്ലെന്ന് നാട്ടുകാർ വാദിച്ചു.
തുടർന്ന് സബ് കളക്ടർ തിരിച്ചെത്തി. എംഎൽഎ എം സ്വരാജും യോഗത്തിൽ പങ്കെടുത്തു. മരടിലെ ഫ്ലാറ്റുകൾക്ക് സമീപം മത്സ്യക്യഷി നടത്തുന്നവർക്കും ചേർന്ന് താമസിക്കുന്നവർക്കും സുരക്ഷാ കാര്യങ്ങളിൽ പ്രത്യേകം പരിഗണന നൽകുമെന്നും സ്ഫോടനം നടത്തുമ്പോൾ 6 മണിക്കുർ നേരത്തേക്ക് വീടുകളിൽ നിന്ന് മാറി നിൽക്കാൻ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here