സഞ്ജുവിന്റെ പ്രകടനം എംഎസ്കെ പ്രസാദിന്റെ സാന്നിധ്യത്തിൽ; ചരിത്രനിമിഷത്തിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ച് മുഖ്യ സെലക്ടർ

ഇന്നലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ഇരട്ടശതകം കുറിച്ച സഞ്ജു സാംസണാണ് നിലവിൽ ക്രിക്കറ്റ് ലോകത്തെ ചർച്ച. ഒരൊറ്റ ഇന്നിംഗ്സിലൂടെ നാലു റെക്കോർഡുകൾ തകർത്തെറിഞ്ഞ സഞ്ജു ഇന്ത്യൻ ദേശീയ ടീമിൽ ഋഷഭ് പന്തിനു കടുത്ത വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. വരുന്ന ബംഗ്ലാദേശ് പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാവുമോ എന്ന ചോദ്യം ശക്തി പ്രാപിക്കെ മലയാളികൾക്ക് സന്തോഷമുണ്ടാക്കുന്ന മറ്റൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Read Also: ഇരട്ടസെഞ്ചുറിയിൽ തകർത്തെറിഞ്ഞത് നാല് റെക്കോർഡുകൾ; സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കുന്നു
ഇന്നലെ ബെംഗളൂരുവിൽ സഞ്ജു കാഴ്ച വെച്ച ഐതിഹാസിക ഇന്നിംഗ്സ് ഇന്ത്യയുടെ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദിനെ സാക്ഷിയാക്കിയായിരുന്നു. ഇന്നിംഗ്സിനെ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് പ്രസാദ് അഭിനന്ദിച്ചത്. ഋഷഭ് പന്തിൻ്റെ മോശം ഫോം രാജ്യത്തെ മറ്റു വിക്കറ്റ് കീപ്പർമാർക്ക് ടീമിൽ ഇടം നേടിയെടുക്കാനുള്ള അവസരമാവുമെന്ന നിരീക്ഷണങ്ങൾക്കു നടുവിലാണ് പ്രസാദിൻ്റെ സന്ദർശനം. പന്തല്ലെങ്കിൽ സഞ്ജു എന്ന വാദമുഖങ്ങൾക്കു നടുവിൽ ‘എന്നാലീ പയ്യൻ്റെ കളിയൊന്നു കണ്ടു കളയാം’ എന്നു വിചാരിച്ച് തന്നെയാവാം പ്രസാദ് സ്റ്റേഡിയത്തിലെത്തിയത്. മനസ്സു നിറയുന്ന പ്രകടനത്തിനു സാക്ഷിയായതു കൊണ്ട് തന്നെ അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടത്തിനുള്ള ടീമിൽ സഞ്ജു ഇടം പിടിക്കാനുള്ള വലിയ സാധ്യതയുണ്ട്.
ഈ പ്രകടനത്തോടൊപ്പം ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാനത്തെ ഏകദിനത്തിൽ 91 റൺസ് നേടിയതും കൂട്ടിവായിക്കണം. അന്ന് വെറും 48 പന്തുകൾ ചെലവിട്ടാണ് സഞ്ജു 91 റൺസ് നേടിയത്.
Read Also: സഞ്ജു ഇരട്ടസെഞ്ചുറിയിലേക്കെത്തിയത് ഇങ്ങനെ; വീഡിയോ കാണാം
ഇന്നലെ ഗോവക്കെതിരെ നടന്ന മത്സരത്തിലാണ് സഞ്ജു ഇരട്ടശതകം കുറിച്ചത്. 129 പന്തുകളിൽ 219 റൺസെടുത്ത് പുറത്താവാതെ നിന്ന സഞ്ജു 21 ബൗണ്ടറികളും 10 സിക്സറുകളുമാണ് തൻ്റെ ഇന്നിംഗ്സിൽ അടിച്ചത്. ഗോവക്കെതിരെ നടന്ന മത്സരത്തിൽ, സഞ്ജുവിനൊപ്പം സെഞ്ചുറി നേടിയ സച്ചിൻ ബേബിയും ചേർന്ന് കേരളത്തിനെ 377 എന്ന കൂറ്റൻ സ്കോറിലെത്തിച്ചിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 338 റൺസിൻ്റെ റെക്കോർഡ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോർ, ടൂർണമെൻ്റ് ചരിത്രത്തിൽ രണ്ടാമത്തെ ഇരട്ട സെഞ്ചുറി, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്കോർ, ലിസ്റ്റ് എ മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ്റെ ഉയർന്ന സ്കോർ എന്നിങ്ങനെ നാലു റെക്കോർഡുകളാണ് ഈ ഒരൊറ്റ ഇന്നിംഗ്സിലൂടെ സഞ്ജു സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here