പ്രണയം എതിർത്തു; പെണ്മക്കൾ ചേർന്ന് വിധവയായ അമ്മയെ തലക്കടിച്ചു കൊന്ന് കുളത്തിലെറിഞ്ഞു

പ്രണയം എതിർത്ത അമ്മയെ പെണ്മക്കൾ ചേർന്ന് തലക്കടിച്ചു കൊന്ന് കുളത്തിലെറിഞ്ഞു. 19ഉം 20ഉം വയസ്സുള്ള രണ്ട് പെണ്മക്കളാണ് ജിയാഗഞ്ച് സ്വദേശിനിയും സ്കൂൾ അധ്യാപികയുമായ കല്‍പന ദേയ് സര്‍ക്കാറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കല്പനയുടെ മക്കളായ ശ്രേയ, റിഥിക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ ആറു മുതൽ പുർബ പ്രൈമറി സ്കൂൾ പ്രധാന അധ്യാപികയായ കല്പനയെ കാണാതായിരുന്നു. അമ്മയെ കാണാതായിട്ടും മക്കൾ പൊലീസിൽ പരാതിപ്പെടാത്തതും അന്വേഷിക്കാത്തതും നാട്ടുകാരുടെ സംശയത്തിനിടയാക്കി. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അമ്മ അമ്മാവൻ്റെ വീട്ടിൽ പോയെന്നു കരുതിയാണ് പരാതി നൽകാതിരുന്നതെന്ന് മക്കൾ പറഞ്ഞുവെങ്കിലും പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായ ശ്രേയയാണ് അമ്മയെ തങ്ങൾ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. തൻ്റെ പ്രണയത്തെ അമ്മ എതിർത്തുവെന്നും അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ശ്രേയ പറഞ്ഞു. കാമുകനെ വിവാഹം ചെയ്യാനുള്ള ശ്രേയയുടെ തീരുമാനത്തെ കല്പന എതിർത്തിരുന്നു. ഇരുവരുടെയും സുഹൃത്തുക്കൾ എപ്പോഴും വീട്ടിൽ വരുന്നതിനെയും കല്പന പ്രോത്സാഹിപ്പിച്ചില്ല. ഇതോടെയാണ് അമ്മയെ കൊല്ലാൻ മക്കൾ തീരുമാനിച്ചത്.

ഒക്ടോബർ ആറിന് ശ്രേയയുടെ കാമുകൻ്റെ സഹായത്തോടെയാണ് കൊല നടത്തിയത്. അമ്മിക്കല്ലെടുത്ത് തലക്കടിച്ചായിരുന്നു കൊല. കൊലപ്പെടുത്തിയതിനു ശേഷം ഇരുവരും ചേർന്ന് ശ്രേയയുടെ കാമുകൻ്റെ സഹായത്തോടെ മൃതദേഹം സമീപത്തെ കുളത്തിലിട്ടു.

മക്കളും കല്പനയും തമ്മിൽ എപ്പോഴും തർക്കമായിരുന്നുവെന്നും മക്കൾ കല്പനയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. 12 വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരണപ്പെട്ടതിനു ശേഷം കല്പന ഒറ്റക്കാണ് മക്കളെ വളർത്തിയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുൻപ് നാട്ടുകാർ രണ്ട് പേരെയും മർദ്ദിച്ചിരുന്നു. കൊലയിൽ പങ്കാളിയായ ശ്രേയയുടെ കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top