എആർ ക്യാംമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം; പ്രതി ചേർക്കപ്പെട്ട ഏഴ് പേർ കീഴടങ്ങി

പാലക്കാട് കല്ലേക്കാട് എആർ ക്യാംമ്പിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ഏഴ് പൊലീസുകാർ കീഴടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പേരും പൊലീസ് പിടിയിലായി. ഏഴുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തി അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.

കല്ലേക്കാട് എആർ ക്യാപിലെ പൊലീസുകാരായ എഎസ്‌ഐ റഫീഖ്, ഗ്രേഡ് എഎസ്‌ഐ ഹരിഗോവിന്ദ്, സീനിയർ പൊലീസ് ഓഫീസർമാരായ പ്രതാപൻ, ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവരാണ് പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തികേസ് എടുത്ത 7പേരെയും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ 11 മണിയോട് കൂടി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. മുൻ ഡെപ്യൂട്ടി കമാന്റന്റ് എൽ സുരേന്ദ്രൻ നിലവിൽ ജാമ്യത്തിലാണ്.

ഉന്നത പൊലീസുകാരടക്കം നിരന്തരം കുമാറിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, എആർ ക്യാപിൽ ജാതി വിവേചനം ഉണ്ടായിരുന്നുവെന്നും കുമാറിന്റെ ഭാര്യ സജിനി ആരോപിച്ചിരുന്നു. കുമാറിന്റെ മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റം ചുമത്തണമെന്ന കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം ക്രൈംബ്രാഞ്ച് അംഗീകരിച്ചിട്ടില്ല. ജൂലൈ 25നാണ് കല്ലേക്കാട് എആർ ക്യാംമ്പിലെ പൊലീസുകാരനും അട്ടപ്പാടി കുന്നാംചാള സ്വദേശിയുമായ കുമാറിനെ റെൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന്
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top