പുതുമുഖങ്ങളുടെ പകപ്പില്ല ഹൈദരാബാദിന്

പുതുമുഖങ്ങളാണ് ഹൈദരാബാദ് എഫ്സി. ഈ സീസണിൽ മാത്രം ഐഎസ്എല്ലിലേക്ക് എത്തിയവർ. പക്ഷേ, പുതുമയുടെ പകപ്പൊന്നുമില്ല അവർക്ക്. കളത്തിലിറങ്ങുന്നതും ചരടു വലിക്കുന്നതുമൊക്കെ ഐഎസ്എല്ലിൽ എക്സ്പീരിയൻസുള്ളവർ. കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ സിഇഒ വരുൺ ത്രിപുരനേനി ഹൈദരാബാദ് എഫ്സിയുടെ സിഇഒ ആയി എത്തി. പൂനെയിൽ കളിച്ച താരങ്ങളിൽ ചിലരൊഴികെ പലരും ക്ലബിലെത്തി. അതുകൊണ്ട് തന്നെ പുതുമയിലും പഴമയുള്ള ക്ലബാണ് ഹൈദരാബാദ് എഫ്സി.
ബ്രസീലുകാരൻ മാഴ്സലീഞ്ഞോ തന്നെയാണ് ഹൈദരാബാദ് എഫ്സിയുടെ ഐക്കൺ താരം. അധികം പരിചയപ്പെടുത്തലുകൾ വേണ്ടാത്ത താരമാണ് മാഴ്സലീഞ്ഞോ. അദ്ദേഹത്തിനൊപ്പം മറ്റൊരു ബ്രസീൽ താരം ബോബോയും മുന്നേറ്റ നിരയിൽ കളിക്കും. ഗ്രമെറോ, ബെസിക്താസ്. സിഡ്നി എഫ്സി തുടങ്ങിയ ക്ലബുകളിൽ കളിച്ച് അനുഭവപരിചയമുള്ള താരമാണ് ബോബോ. ഡെർബി കൗണ്ടി, ഫുൾഹാം തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള ജമൈക്കൻ താരം ജൈൽസ് ബാൺസ് ആണ് മുന്നേറ്റ നിരയിലുള്ള മൂന്നാമത്തെ വിദേശതാരം. ഗനി അഹ്മദ് നിഗം, റോബിൻ സിംഗ്, നിഖിൽ പൂജാരി തുടങ്ങിയ ഇന്ത്യൻ കളിക്കാർ കൂടി ഉൾപ്പെടുന്ന മുന്നേറ്റ നിരയിൽ ഹൈദരാബാദിന് വിശ്വസിക്കാം.
കഴിഞ്ഞ സീസണിൽ ഐലീഗ് ക്ലബ് ചെന്നൈ സിറ്റിയിൽ കളിച്ച സ്പാനിഷ് താരം നെസ്റ്റർ ഗോർഡിയോ ആണ് ഹൈദരാബാദ് എഫ്സിയുടെ മധ്യനിര നിയന്ത്രിക്കുന്നത്. ഓസ്ട്രേലിയൻ മാർകോ സ്റ്റാക്നോവിച് നെസ്റ്ററിനൊപ്പം ബൂട്ടുകെട്ടും. ഇവർക്കൊപ്പം ദീപേന്ദ്ര നെഗി, ലാൽഡന്മാവിയ റാൽട്ടെ തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഹൈദരാബാദ് എഫ്സിയുടെ മധ്യനിരയിൽ അണിനിരക്കും. അധികം കേട്ടിട്ടില്ലാത്ത പേരുകളായതു കൊണ്ട് ദുർബലമെന്ന് എഴുതിത്തള്ളാനാവില്ലെങ്കിലും മധ്യനിരയുടെ കാര്യത്തിൽ അവർ കുറേക്കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്നാണ് ഒറ്റനോട്ടത്തിൽ വിലയിരുത്താൻ കഴിയുന്നത്.
ഷെഫീൽഡ് യുണൈറ്റഡ്, ബ്ലാക്ക്ബേൺ റോവേഴ്സ് തുടങ്ങിയ ക്ലബുകളിൽ കളിച്ച് പരിചയിച്ച മാത്യു കിൽഗലൺ, വല്ലലോയ്ഡ്, ഗെറ്റാഫെ തുടങ്ങിയ ക്ലബുകളിൽ ബൂട്ട് കെട്ടിയ റാഫേൽ ലോപസ് എന്നിവരാണ് പ്രതിരോധനിരയിൽ ഹൈദരാബാദിൻ്റെ വിദേശകരുത്ത്. ഇവർക്കൊപ്പം ആദിൽ ഖാൻ, സഹിൽ പൻവാർ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ കൂടി അണിനിരക്കുമ്പോൾ പ്രതിരോധനിരയിൽ ഹൈദരാബാദിന് ആശങ്കകളില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഇന്ത്യക്കു വേണ്ടി പ്രതിരോധമതിൽ കെട്ടി തഴക്കവും പഴക്കവും വന്ന് മൂർച്ച കൂടിയ ആദിൽ ഖാനെ മറികടക്കുക എതിർ ടീമിന് എളുപ്പമാവില്ല.
കമൽജിത് സിംഗാവും ക്ലബിൻ്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. പോരാത്തതിന് ലക്ഷികാന്ത് കട്ടിമണിയുമുണ്ട്.
പ്രത്യക്ഷത്തിൽ, ദുർബലമാണോ എന്ന സംശയമുണർത്തുന്ന മധ്യനിരയും ശക്തമായ മറ്റു ഡിപ്പാർട്ടുമെൻ്റുകളും അടങ്ങുന്ന ടീമാണ് ഹൈദരാബാദ് എഫ്സി. കണ്ട് വിലയിരുത്താം എന്നതു മാത്രമാണ് പുറത്തു നിന്ന് വിലയിരുത്തുമ്പോൾ പറയാൻ കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here