സിംബാബ്‌വെയുടെയും നേപ്പാളിന്റെയും വിലക്ക് നീങ്ങി; ഇരു ടീമുകൾക്കും ഐസിസി അംഗീകാരം

സിംബാംബ്‌വെക്കും നേപ്പാളിനും വീണ്ടും ഐസിസിയുടെ അംഗീകാരം. ഇരു ടീമുകളും വിലക്കിലായിരുന്നു. സിംബാബ്‌വെ മൂന്നു മാസങ്ങൾക്ക് ശേഷവും നേപ്പാൾ മൂന്നു വർഷങ്ങൾക്ക് ശേഷവുമാണ് വിലക്ക് നീങ്ങി തിരികെ എത്തുന്നത്. ദുബായിൽ നടന്ന ബോർഡ് മീറ്റിംഗിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ബോർഡ് മീറ്റിംഗിൽ ഐസിസിയും സിംബാബ്‌വെ ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തിയിരുന്നു. വിലക്ക് നീങ്ങിയതോടെ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പിലും ഐസിസി സൂപ്പർ ലീഗിലും സിംബാബ്‌വെയ്ക്ക് കളിക്കാനാവും. ക്രിക്കറ്റ് ബോർഡിൽ ഭരണകൂടം കൈകടത്തുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ജൂലായിൽ അവരുടെ ഐസിസി അംഗത്വം റദ്ദാക്കിയത്. മൂന്നു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നാണ് ഐസിസി സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നത്.

ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് 2016ൽ ഐസിസി നേപ്പാളിൻ്റെ അംഗത്വം റദ്ദാക്കിയത്. സർക്കാർ കൈകടത്തലുകളില്ലാതെ തെരഞ്ഞെടുപ്പ് നടത്തി ക്രിക്കറ്റ് ബോർഡ് പുനസ്ഥാപിക്കണമെന്ന് ഐസിസി നേപ്പാളിനു നിർദ്ദേശം നൽകിയിരുന്നു. ഈ മാസാദ്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പ് നേപ്പാൾ നടത്തിയിരുന്നു.

വിലക്കിനു പിന്നാലെ സിംബാബ്‌വെ താരം സോളമൻ മിരെ വിരമിച്ചിരുന്നു. ഐസിസിയുടെ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More