മോഡറേഷൻ മാർക്ക് അനുവദിക്കാൻ സർവകലാശാല സിൻഡിക്കേറ്റുകൾക്ക് അധികാരമുണ്ടെന്ന് മന്ത്രി കെടി ജലീൽ

വിദ്യാർത്ഥികൾക്ക് മോഡറേഷൻ മാർക്ക് അനുവദിക്കാൻ സർവകലാശാല സിൻഡിക്കേറ്റുകൾക്ക് അധികാരമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ. മാർക്ക് കൂട്ടി നൽകുന്നതിൽ എംജി സർവകലാശാല സിൻഡിക്കേറ്റ് ഇല്ലാത്ത അധികാരം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്ത്വം സർവകലാശാലക്കാണെന്നും അക്കാര്യത്തിൽ ആർക്കും കോടതിയെ സമീപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

എംജി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരാതി ഉള്ളവർ കോടതിയെയോ ഗവർണറെയോ സമീപിക്കട്ടെയെന്നതാണ് മന്ത്രി കെടി ജലീലിന്റെ നിലപാട്. അദാലത് നടത്തിയത് വിസിയാണെന്നും അന്തിമ തീരുമാനം സിൻഡിക്കേന്റിന്റേതാണെന്നും മന്ത്രി പറഞ്ഞു. ഇല്ലാത്ത അധികാരം സിൻഡിക്കേറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പരാതിക്കാർക്ക് കോടതിയെ സമീപിക്കാം.

അതിനിടെ, എംജി സർവ്വകലാശാല മാർക്കുദാനവിവാദത്തിൽ മന്ത്രിയുടേയും വൈസ് ചാൻസിലറുടെയും വാദങ്ങൾ തള്ളുന്ന വിവരാവകാശരേഖ പുറത്തുവന്നു. ഫയൽ അദാലത്തിൽ തന്നെയാണ് മാർക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നതെന്നാണ് സർവകലാശാല തന്നെ നൽകിയ രേഖയിൽ പറയുന്നത്. ഒരു വിഷയത്തിന് ഒരു മാർക്ക് കുറഞ്ഞ കുട്ടിക്ക് അധികമാർക്ക് നൽകാൻ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനിച്ചതെന്നായിരുന്നു മന്ത്രി കെടി ജലീലിന്റെ വിശദീകരണം. മന്ത്രിയെ പിന്തുണച്ച് വൈസ് ചാൻസിലറും രംഗത്തെത്തിയിരുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് മാർക്ക് ദാനത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജലീലിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീണർ ബെന്നി ബഹനാനും ആവശ്യപ്പെട്ടു. മാർക്ക് ദാന വിവാദത്തിൽ എംജി സർവ്വകലാശാല പ്രോ വൈസ് ചാൻസിലറെ കെഎസ്യു പ്രവർത്തകർ ഉപരോധിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More