Advertisement

ഇത്തവണയെങ്കിലും മുംബൈയുടെ ദൗർഭാഗ്യം മാറുമോ?

October 15, 2019
Google News 1 minute Read

മികച്ച കളിക്കാരുണ്ടായിരുന്നിട്ടും ഇതുവരെ ഒരു തവണ പോലും ഫൈനൽ കളിക്കാൻ മുംബൈ സിറ്റിക്കായിട്ടില്ല. എന്തായിരുന്നു കഴിഞ്ഞ സീസണുകളിൽ അവരുടെ പ്രശ്നമെന്നും അറിയില്ല. രണ്ട് തവണ ഫൈനൽ കളിച്ചതാണ് മുംബൈ സിറ്റിയുടെ ഏറ്റവും മികച്ച നേട്ടം. നിക്കോളാസ് അനൽക, സുനിൽ ഛേത്രി, ഡിയെഗോ ഫോർലാൻ തുടങ്ങിയ മികച്ച താരങ്ങൾ കളിച്ചിട്ടും ഇതുവരെ ഫൈനൽ കളിക്കാൻ സാധിച്ചില്ല എന്നത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ സീസണിലെ ആദ്യ നാലു കളികളിൽ ഒരു ജയവും രണ്ട് തോൽവികളും ഒരു സമനിലയുമായി തുടങ്ങിയ മുംബൈ പിന്നീടുള്ള ഒൻപത് കളികളിൽ തോൽവി അറിഞ്ഞില്ല. എന്നിട്ടും സെമിയിൽ ഗോവയോടു തോറ്റു.

സെനഗളീസ് ഫോർവേഡ് മോഡൂ സോഗൂ ഈ സീസണിലും തുടരും. ബ്ലാസ്റ്റേഴ്സിനെ 6-1 ന് തകർത്തപ്പോൾ അതിൽ നാലു ഗോളുകളും മോഡൂവാണ് സ്കോർ ചെയ്തത്. സീസൺ അവസാനിക്കുമ്പോൾ 12 ഗോളുകളുമായി ടോപ്പ് സ്കോറർ പട്ടം അദ്ദേഹം പങ്കിട്ടു. മോഡൂവിനൊപ്പം കഴിഞ്ഞ രണ്ട് സീസണുകളിൽ പൂനെയ്ക്കായി ബൂട്ടുകെട്ടിയ ബ്രസീലിയൻ താരം ഡിയെഗോ കാർലോസ്, ടുണീഷ്യൻ സ്ട്രൈക്കർ മുഹമ്മദ് അമീൻ ഷെർമിതി, ഗാബോൺ താരം സെർജീ കെവിൻ എന്നിവരും ഈ സീസണിൽ മുംബൈ സിറ്റിയുടെ മുന്നേറ്റ നിരയിൽ ബൂട്ടുകെട്ടുന്ന വിദേശികളാണ്. ഇവർക്കൊപ്പം അലൻ ഡിയോറി, പ്രഞ്ജൽ ഭുമിജ് എന്നീ ഇന്ത്യൻ യുവ താരങ്ങളും അണിനിരക്കും. വിദേശികളെ മാറ്റി നിർത്തിയാൽ ആക്രമണത്തിനു മൂർച്ച കുറവു തന്നെയാണ്.

മധ്യനിരയിൽ പോർച്ചുഗൽ താരവും നായകനുമായ പൗളോ മച്ചാഡോ, ടുണീഷ്യൻ താരം മുഹമ്മദ് ലർബി എന്നിവർ മാത്രമാണ് വിദേശതാരങ്ങളായുള്ളത്. ഇവർക്കൊപ്പം മികച്ച ഇന്ത്യൻ താരങ്ങളുണ്ട്. റയ്നീർ ഫെർണാണ്ടസ്, റൗളിൻ ബോർഗസ്, ബിപിൻ സിംഗ്, മുഹമ്മദ് റഫീഖ് തുടങ്ങി മികച്ച ഇന്ത്യൻ താരങ്ങളുടെ കരുത്ത് മുംബൈക്കുണ്ട്. വിദേശികളെക്കാൾ മുംബൈ മധ്യനിരയെ സമ്പന്നമാക്കുക ഇന്ത്യൻ താരങ്ങൾ തന്നെയാവും.

ക്രൊയേഷ്യൻ താരം മറ്റോ ഗാരിക് ആണ് പ്രതിരോധ നിരയിലെ വിദേശ സാന്നിധ്യം. ഗാരികിനൊപ്പം അൻവർ അലി, സുഭാഷിഷ് ബോസ്, സൗവിക് ചക്രബർത്തി എന്നിങ്ങനെ ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുംബൈയുടെ പ്രതിരോധത്തിലെ ശക്തി. ക്രോസ് ബാറിനു കീഴിൽ അമരീന്ദർ സിംഗ് സുരക്ഷിതമായിത്തന്നെ വല കാക്കും.

അതായത്, മുന്നേറ്റ നിരയിലൊഴികെ മറ്റു മേഖലകളിൽ ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുംബൈ സിറ്റി എഫ്സിയുടെ കരുത്തും ദൗർബല്യവും കഴിഞ്ഞ സീസണിൽ ഏതാണ്ട് ഇതുപോലൊരു ടീമിനെ വെച്ചാണ് ജോർജ് കോസ്റ്റ വളരെ മികച്ച റിസൽട്ട് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിശ്വസിച്ചാൽ ഇത്തവണ മുംബൈക്ക് പ്രതീക്ഷിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here