പാലാരിവട്ടം മേൽപാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികൾക്കായി വിജിലൻസ് യോഗം ചേർന്നു

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ നടപടികൾ ആലോചിക്കാൻ വിജിലൻസ് സംഘം യോഗം ചേർന്നു. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എസ്പി വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ കോട്ടയം വിജിലൻസ് ഓഫീസിലായിരുന്നു യോഗം. കേസിൽ കൂടുതൽ പേരുടെ പങ്കും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തെങ്കിലും കേസിൽ രാഷ്ട്രീയ നേതൃത്വത്തെ കുടുക്കാനുള്ള നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് ടിഒ സൂരജ് മൊഴി നൽകിയിരുന്നു. കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി എട്ടേകാൽ കോടി രൂപ നൽകിയതും ഇതിൽ ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടലും സംബന്ധിച്ച കാര്യങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെങ്കിൽ കൂടുതൽ തെളിവുകൾ ആവശ്യമാണ്. രാഷ്ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകൾക്ക് പുറമേ പ്രതികൾ കൈകൂലി തുക ഉപയോഗിച്ച് നടത്തിയ ഇടപാടുകളും കണ്ടെത്തണം. ഈ സാഹചര്യത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണ സംഘം വിപുലീകരിച്ചത്.
തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ഡിവൈഎസ്പി ശ്യാംകുമാറിനെ അന്വേഷണ തലവനാക്കി വിപുലീകരിച്ച സംഘത്തിൽ കോട്ടയം യൂണിറ്റിലെ ഡിവൈഎസ്പി എൻകെ മനോജിനെയും രണ്ട് സിഐമാരെയും ഉൾപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എസ്പി വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്വേഷണ വിവരങ്ങൾ ചോരുന്നു എന്ന ആക്ഷേപങ്ങളും ചർച്ചയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here