റഷ്യയിൽ സിറിയൻ സൈന്യം പിടിമുറുക്കുന്നു; മാൻബിജ് നഗരം സിറിയൻ സേനയുടെ നിയന്ത്രണത്തിൽ

വടക്കൻ സിറിയയിലെ മാൻബിജ് നഗരം സിറിയൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലെന്ന് റഷ്യ. കുർദുകളുമായി സിറിയൻ ഔദ്യോഗിക സർക്കാർ സൈനിക സഹകരണത്തിനുള്ള കരാറിലെത്തിയതിന് പിന്നാലെയാണ് കുർദീഷ് പോരാളികളുടെ നിയന്ത്രണത്തിലായിരുന്ന മാൻബിജിലേക്ക് സിറിയൻ സൈന്യം പ്രവേശിച്ചത്.
അതേസമയം, തുർക്കി സൈന്യവും മാൻബിജ് ലക്ഷ്യമാക്കി മുന്നേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാൻബിജ് നഗരം സിറിയൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന വിവരം റഷ്യൻ പ്രതിരോധ മന്ത്രി പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. റഷ്യൻ സൈനികരും മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുർദുകൾ സ്വയംഭരണം സ്ഥാപിച്ച മാൻബിജ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷമാണ് സിറിയൻ സേന പ്രവേശിക്കുന്നത്. കുർദ് സ്വാധീന മേഖലയെ ലക്ഷ്യമിട്ട് തുർക്കി ആരംഭിച്ച സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ സൈനിക സഹകരണത്തിന് പ്രസിഡന്റ് ബാഷർ അൽ അസദും കുർദ് സൈനികവിഭാഗമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിറിയൻ സൈന്യം മാൻബിജിലെത്തിയത്.
അതേസമയം, തന്ത്രപ്രധാനമായ റാസ് അൽ അയിൻ, സുലൂക്ക് നഗരങ്ങൾക്ക് പിന്നാലെ മാൻബിജ് ലക്ഷ്യമാക്കി തുർക്കി സൈന്യം മുന്നേറുന്നതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ സിറിയയിൽ തുർക്കിയുടെ ആക്രമണം ഏഴാം ദിവസത്തിലേക്കു കടന്നതോടെ മേലലയിൽ നിന്ന് പലായനം ചെയ്ത സാധാരണക്കാരുടെ എണ്ണം രണ്ടേമുക്കാൽ ലക്ഷം കടന്നെന്ന് കുർഷിദ് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് തുർക്കിയുടെ ആക്രമണത്തിനെതിരെ ഉയരുന്നത്. ജർമനിയും ഫ്രാൻസും സ്വീഡനും ഇറ്റലിയും തുർക്കിക്ക് ആയുധം നൽകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, വടക്കൻ സിറിയിയിലെ തങ്ങളുടെ സൈനിക നടപടിയെ പിന്തുണച്ചില്ലെങ്കിൽ 36 ലക്ഷം അഭയാർഥികളെ യൂറോപ്പിലേക്ക് തുറന്നുവിടുമെന്നാണ് തുർക്കി പ്രസിഡൻറ് റജബ് തയ്യിബ് എർദോഗൻറെ ഭീഷണി. വടക്ക് കിഴക്കൻ സിറിയയിൽ നിന്ന് കുർഷിദ് പോരാളികളെ തുരത്തി അഭയാർത്ഥികൾക്കായി സുരക്ഷിത മേഖല ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് തുർക്കിയുടെ അവകാശവാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here