പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

തൃശൂർ കയ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്നാണ് പൊലീസ് നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ശരീരത്തിൽ ബലപ്രയോഗം നടത്തിയതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങൾക്കും മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കയ്പമംഗലം വഴിയമ്പലത്തെ എച്ച് പി പെട്രോൾ പമ്പ് ഉടമസ്ഥനായ മനോഹരനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുന്നത്. ഇതിനിടെ രാത്രി മനോഹരന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തയാൾ മനോഹരൻ ഉറങ്ങുകയാണെന്ന് മറുപടി നൽകി.
എന്നാൽ, പിറ്റേദിവസവും മനോഹരനെക്കുറിച്ച് വിവിരങ്ങൾ ലഭിക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഗുരുവായൂരിലെ മമ്മിയൂരിൽ റോഡരികിൽ നിന്നും കൈകൾ രണ്ടും പിന്നിലേക്ക് കെട്ടിയ നിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here