ചമ്രവട്ടം പാലത്തിന്റെ നിർമാണത്തിൽ അഴിമതി ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കട്ടെ: ടിഒ സൂരജ്

ചമ്രവട്ടം പാലത്തിന്റെ നിർമാണത്തിൽ അഴിമതി ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷിക്കട്ടെ എന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ്. കോടതിയുടെ പരിഗണനയിലായതിനാൽ ഇബ്രാഹിം കുഞ്ഞിനെതിരെ ഉള്ള കേസ് അട്ടിമറിക്കാൻ മുൻ അന്വേഷണ സംഘത്തലവൻ ശ്രമിച്ചെന്ന റിപ്പോർട്ടിനെ പറ്റി ഇപ്പോൾ കൂടുതൽ ഒന്നും പുറത്ത് പറയാനാകില്ലെന്നും സൂരജ് വ്യക്തമാക്കി.
റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് പാലാരിവട്ടം മേൽപാല അഴിമതി കേസിൽ ടി ഒ സൂരജ് ഉൾപെടെയുള്ള മൂന്ന് പ്രതികളെയും മുവാറ്റുപുഴ വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 31 വരെ നീട്ടി.
നാലാം പ്രതിയായ സൂരജിനൊപ്പം ഒന്നാം പ്രതി കരാർ കമ്പനി എംഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.