മാർക്ക് ദാന വിവാദം: മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു- ട്വന്‍റിഫോർ എക്‌സ്‌ക്ലൂസിവ്

എംജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു. സർവകലാശാല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പ്രൈവറ്റ് സെക്രട്ടറി കെ ഷെറഫുദ്ദീൻ പങ്കെടുത്തതെന്ന മന്ത്രിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ ട്വന്‍റിഫോറിന് ലഭിച്ചു.

അദാലത്തിൽ ഉടനീളം പങ്കെടുത്ത പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ തീർപ്പാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിലും പങ്കെടുത്തു. ഈ അദാലത്തിലാണ് മാർക്ക് ദാന തീരുമാനമെടുത്തത്.

Read Also: ‘ചെന്നിത്തല പോയത് ഗവർണർക്കൊപ്പം ചായ കുടിക്കാൻ’ മാർക്ക് ദാനവിവാദത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് കോടിയേരി

മാർക്ക് ദാനവിവാദത്തിൽ ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരീഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ചെന്നിത്തല മാധ്യമങ്ങളെയും കണ്ടു.

മന്ത്രിക്കെതിരെയും എംജി സർവകലാശാല വിസിക്കെതിരെയും അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടത്. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തികൊണ്ടുള്ള അന്വേഷണമാണ് ചെന്നിത്തലക്ക് വേണ്ടത്.

കെടി ജലീൽ തന്നെയാണ് തെളിവുകൾ ഹാജരാക്കാനും കോടതിയെ സമീപിക്കാനും ഗവർണറെ കാണാനും രമേശ് ചെന്നിത്തലയോട് പറഞ്ഞത്. വിവരാവകാശപ്രകാരമുള്ള ചില രേഖകൾ പുറത്ത് വന്നിരുന്നു.

എല്ലാ യൂണിവേഴ്സിറ്റികളിലും മാർക്ക് ദാനത്തിന് തുടക്കമിട്ടത് കെ ടി ജലീലാണെന്നും ഇത് വിസിയുടെയും സിൻഡിക്കേറ്റിന്റെയും തലയിൽ കെട്ടിവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.നഴ്സിംഗ് കൗൺസിലിന്റെ അധികാരം മറികടക്കുകയും സർവകലാശാലകളുടെ വിശ്വാസ്യത തകർക്കുകയും ചെയ്തു. പരീക്ഷാ കലണ്ടർ വരെ മന്ത്രി തീരുമാനിക്കുന്നുവെന്നും ചെന്നിത്തല. മാർക്ക് ദാനത്തിൽ തുടങ്ങി മാർക്ക് കുംഭകോണത്തിൽ എത്തിനിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top