ബെംഗളൂരു എഫ്സി; പ്രൊഫഷണലിസത്തിന്റെ അവസാന വാക്ക്

ഐഎസ്എലിലെ ഏറ്റവും പ്രൊഫഷണലായ ക്ലബ് ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ബെംഗളൂരു എഫ്സി. ഒരു പരിധി വരെ എഫ്സി ഗോവ ഈ ഗണത്തിൽ പെടുന്നതാണെങ്കിലും ബെംഗളൂരു എഫ്സിയാണ് വളരെ കൃത്യമായി പ്രൊഫഷണലിസം പിന്തുടരുന്ന ക്ലബ്. അതിൻ്റെ ഗുണഗണങ്ങൾ അവർക്ക് ലഭിക്കുന്നുമുണ്ട്. രണ്ട് തവണ ഐലീഗ് ചാമ്പ്യന്മാർ, നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാർ, സൂപ്പർ കപ്പ് ചാമ്പ്യന്മാർ, ഐഎസ്എൽ കളിച്ച രണ്ട് സീസണുകളിൽ ഒരു ചാമ്പ്യൻ പട്ടവും ഒരു റണ്ണേഴ്സ് അപ്പ് സ്ഥാനവും, എഎഫ്സി കപ്പ് ഫൈനൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ ടീം എന്നിങ്ങനെ ഒരുപിടി റെക്കോർഡുകളാണ് ബെംഗളൂരുവിൻ്റെ പോക്കറ്റിലുള്ളത്. ആൽബർട്ട് റോക്കക്കു പകരം ടീം പരിശീലകനായെത്തിയ കാർലോസ് ക്വദ്രത്ത് തൻ്റെ ആദ്യ സീസണിൽ തന്നെ ടീമിനു കിരീടം നേടിക്കൊടുത്തു. കഴിഞ്ഞ സീസണിൽ കളിച്ച ടീം ആകെ പൊളിച്ചെഴുതിയാണ് ഇത്തവണ കാർലോസ് വരുന്നത്. ശ്രദ്ധേയരായ ചില താരങ്ങൾ ടീമിനു പുറത്തായതിനൊപ്പം അതിനെക്കാൾ മികച്ച ചിലരെ ടീമിലെത്തിച്ചു.

മിക്കുവാണ് ബഎംഗളൂരു വിട്ടവരിൽ പ്രമുഖൻ. ബെംഗളൂരു ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന മിക്കുവിനൊപ്പം മധ്യനിര താരം സിസ്കോ ഹെർണാണ്ടസും ടീം വിട്ടു. ആകെ 12 പേരാണ് ബെംഗളൂരുവിൽ നിന്ന് മറ്റു ക്ലബുകളിലേക്ക് ചേക്കേറിയത്. ഇതിൽ മിക്കുവിൻ്റെ അഭാവമാണ് ബെംഗളൂരുവിനെ ഏറെ വേദനിപ്പിക്കുക. ഇതോടൊപ്പം മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ, സ്പാനിഷ് സെൻ്റർ ഫോർവേർഡ് മൈക്കൽ ഒൻവു തുടങ്ങിയവർ ടീമിലെത്തുകയും ചെയ്തിട്ടുണ്ട്.

സ്പാനിഷ് താരൻ മൈക്കൻ ഒൻവു ആണ് മുന്നേറ്റത്തിലെ വിദേശി. ഒൻവുവിനൊപ്പം വിശേഷണങ്ങൾ ആവശ്യമില്ലാത്ത സാക്ഷാൽ സുനിൽ ഛേത്രി. ഉദാന്ത സിംഗ്, തോങ്കോസീം ഹവോകിപ് എന്നിവർ കൂടി ചേരുന്നതോടെ ബെംഗളൂരു എഫ്സിയുടെ ആക്രമണം വളരെ മൂർച്ചയേറിയതാവുന്നു. ഉദാന്തയുടെ പേസും ഛേത്രിയുടെ ഫിനിഷിംഗും ചേർത്ത് വായിച്ചാൽ ബെംഗളുരു ഇത്തവണയും ഗോളടി തുടരും.

കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സി മധ്യനിരയുടെ ജീവനായിരുന്ന ബ്രസീൽ മിഡ്ഫീൽഡർ റഫേൽ അഗസ്റ്റോയെ ടീമിലെത്തിച്ചതാണ് ഈ സീസണിൽ ബെംഗളൂരു നടത്തിയ ഏറ്റവും മികച്ച നീക്കം. റഫേലിനൊപ്പം ഓസീസ് താരം എറിക് പാർതലുവും സ്പാനിഷ് താരം ഡിമാസ് ഡെൽഗാഡോയും കൂടി ചേരുന്നതോടെ മധ്യനിരയിലെ വിദേശി ടച്ച് വളരെ മികച്ചതാവുന്നു. ഇവർക്കൊപ്പം പൂനെ സിറ്റിയുടെ ആക്രമണങ്ങൾക്ക് തുടക്കമിട്ടിരുന്ന, ഇന്ത്യൻ ദേശീയ ടീമിൽ ഗംഭീര പ്രകടനം തുടരുന്ന ആഷിഖ് കുരുണിയൻ, കീൻ ലൂയിസ്, യൂജിൻസൺ ലിൻഡോ എന്നീ ഇന്ത്യൻ താരങ്ങൾ കൂടി ഉൾക്കൊള്ളുന്ന മധ്യനിര ഏറ്റവും ശക്തമെന്നു തന്നെ പറയേണ്ടി വരും. ഭാവനയും വിഷനും ധാരാളമുള്ള ഈ മധ്യനിര അത്ഭുതങ്ങൾ കാണിക്കുമെന്നുറപ്പാണ്.

ആൽബർട്ട് സെറാനും ജുവാനനുമാണ് പ്രതിരോധത്തിലെ വിദേശി താരങ്ങൾ. രാഹുൽ ഭേക്കെ, റിനോ ആൻ്റോ, നിഷു കുമാർ എന്നിങ്ങനെ അന്താരാഷ്ട്ര വേദിയിൽ തെളിയിച്ചു കഴിഞ്ഞ ചില ഇന്ത്യൻ താരങ്ങ്ള് കൂടി ഉൾപ്പെടുന്ന പ്രതിരോധനിരയും കരുത്തുറ്റതാണ്. റിനോ ആൻ്റോയുടെ പ്രായം ഒരു വെല്ലുവിളിയാകുമെങ്കിലും അദ്ദേഹത്തെ കവച്ചു വെക്കുന്ന യുവതാരങ്ങൾ ബെംഗളൂരുവിലുണ്ട്. ക്രോസ് ബാറിനു കീഴിൽ ഗുർപ്രീത് സിംഗ് സന്ധു. ഒന്നും പറയാനില്ല സന്ധുവിനെപ്പറ്റി.

ഐഎസ്എൽ ടീമുകളിൽ വെച്ച് ഏറ്റവും സന്തുലിതമായ ടീമെന്ന് നിസ്സംശയം പറയാവുന്ന ടീമാണ് ബെംഗളൂരു എഫ്സി. ഒരു വിഭാഗത്തിലും തലവേദനയില്ല. ശക്തമാണ്. കപ്പടിക്കാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാമത് തന്നെയുണ്ട് ബെംഗളൂരു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top