ദാവൂദിന്റെ സഹായിയുമായി സാമ്പത്തിക ഇടപാട്; ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രഫുൽ പട്ടേലിന് ഇളവില്ല

അധോലോകക്കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ കേന്ദ്രമന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിന് ഇളവില്ല. പ്രഫുലിന്റെ അഭ്യർത്ഥന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളി. തെരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നായിരുന്നു പ്രഫുൽ വ്യക്തമാക്കിയത്. എന്നാൽ ഇന്നു തന്നെ ഹാജരാകണമെന്ന് ഇഡി നിർദേശിച്ചു.
ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹജ്രയുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിലാണ് ചോദ്യം ചെയ്യൽ. മുംബൈയിലെ സി ജെ ഹൗസ് എന്ന പാർപ്പിട സമുച്ചയത്തിനുവേണ്ടി 2007 ൽ ഇഖ്്ബാൽ മിർച്ചിയും പ്രഫുൽ പട്ടേലും ഒപ്പുവെച്ച കരാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പ്രഫുൽ പട്ടേലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
മുംബൈയിലെ പല വസ്തുവകകളും ഇഖ്ബാൽ മിർച്ചിയുടെ ബിനാമി സ്വത്തിൽപ്പെട്ടതാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് മിലേനിയം ഡെവലപ്പേഴ്‌സിന് ലഭിച്ച സി ജെ ഹൗസ്. 2013 ൽ അന്തരിച്ച ഇഖ്ബാൽ മിർച്ചി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായാണ് അറിയപ്പെടുന്നത്. എൻസിപി നേതാവിന് മയക്കുമരുന്നുകടത്ത് സംഘവുമായും ഭീകര അധോലോക കുറ്റവാളികളുമായും പണമിടപാടുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ കരാറെന്ന് ബിജെപി. ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here