വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി നാസ; സ്ത്രീകൾക്ക് മാത്രമായുള്ള നാസയുടെ ബഹിരാകാശ നടത്തം ഇന്ന്

സ്ത്രീകളുടെ നിയന്ത്രണത്തിൽ സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കൻ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തിലുടെ ഇന്ന് ചരിത്രം കുറിയ്ക്കാൻ ഇറങ്ങുക. ഇന്ത്യൻ സമയം വൈകിട്ട് 5.20നായരിക്കും ജസീക്ക മെയറും ക്രിസ്റ്റീന കോച്ചും ചരിത്രം കുറിയ്ക്കാൻ ഇറങ്ങുക. 7 മണിക്കൂർ സമയം ഇരുവരും ബഹിരാകശ നിലയത്തിന് പുറത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ കൺട്രോളർ മാറ്റിസ്ഥാപിക്കുകയാണ് ഇവരുടെ ചരിത്ര ദൗത്യം. കഴിഞ്ഞ ഏപ്രിലിൽ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രശ്നത്തിന്റെ തുടർച്ച പരിഹരിക്കാനാണ് ഇവർ ഇറങ്ങുന്നത്.
പെൺസാന്നിധ്യം ബഹിരാകാശ നിലയത്തിന്റെ പുറത്തെത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകൾ പുറത്ത് നടന്നിട്ടുണ്ട്, പക്ഷേ അപ്പോഴോക്കെ ആൺ തുണയുണ്ടായിരുന്നു. വനിത ദിനത്തിൽ ഈ ചരിത്രം കുറിയ്ക്കാൻ നാസ പദ്ധതി ഇട്ടതായിരുന്നെങ്കിലും പാകമായ വസ്ത്രത്തിന്റെ കുറവുമൂലം ശ്രമം നടക്കാതെ പോയി.
പിന്നീട് പുതിയ ബാറ്ററികൾ സ്ഥാപിക്കുന്നതിനായി ഒക്ടോബർ 21 തിങ്കളാഴ്ച ഇരുവരും ചേർന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാൻ നിശ്ചയിച്ചു. പവർ കൺട്രോളറുകളിലൊന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അതും മാറ്റി വെച്ചു. തടസങ്ങളെല്ലാം പരിഹരിച്ചു. മേയറും കോച്ചും രചിക്കുന്ന ചരിത്രത്തിനായുള്ള കാത്തിരിപ്പാണിനി. ചരിത്ര ചുവടുവെയ്പ്പ് നാസ ടിവി ലോകത്തിന് മുന്നിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here