ബിജെപിയുടെ വാലില്‍ തൂങ്ങിയാണ് കോണ്‍ഗ്രസിന്റെ നടപ്പ്: വി എസ് അച്യുതാനന്ദന്‍

ബിജെപിയുടെ വാലില്‍ തൂങ്ങിയാണ് കോണ്‍ഗ്രസിന്റെ നടപ്പെന്ന് വി എസ് അച്യുതാനന്ദന്‍. വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും സിപിഎമ്മിന്റെ ക്രൗഡ് പുള്ളര്‍ മറ്റാരുമല്ലെന്ന് തെളിയിച്ചായിരുന്നു വി എസിന്റെ പ്രചാരണം. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന് വോട്ടഭ്യര്‍ഥിച്ചെത്തിയ വി എസിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

അതേസമയം, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ അധിക്ഷേപത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ഇടവേളക്കുശേഷം പൊതുവേദിയിലെത്തിയ വി എസിനെ കണ്ടതോടെ അണികളുടെ ആവേശം അണപൊട്ടി. പനി ബാധിച്ച് ക്ഷീണിതനായിരുന്നെങ്കിലും വാക്കുകളിലെ മൂര്‍ച്ചയ്ക്ക് കുറവുണ്ടായിരുന്നില്ല.

Read More: വി എസിനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം: പൊലീസിനെ സമീപിക്കാമെന്ന് ടിക്കാറാം മീണ

തലസ്ഥാന നഗരത്തിന്റെ മേയര്‍ എന്ന നിലയില്‍ മാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ യുവാവാണ് വി കെ പ്രശാന്ത്. കേരളം ദുരന്തങ്ങളെ നേരിട്ട ഘട്ടങ്ങളിലൊന്നും രംഗത്ത് കാണാത്ത ചില നേതാക്കള്‍ ഇപ്പോള്‍ വി കെ പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലം പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗത്തു നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top