വി എസിനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം: പൊലീസിനെ സമീപിക്കാമെന്ന് ടിക്കാറാം മീണ

വി എസ് അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ അധിക്ഷേപത്തില്‍ പൊലിസിനെ സമീപിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പരാമര്‍ശം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വി എസ് അച്യുതാനന്ദനെതിരെ കെ. സുധാകരന്റെ വിവാദ പരാമര്‍ശം.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്‌കാരമാണ് വരേണ്ടതെന്നായിരുന്നു കെ. സുധാകരന്‍ ചോദിച്ചത്. തൊണ്ണൂറില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ല് കണ്ണൂരില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പ്രതികരണം കോണ്‍ഗ്രസിന്റെ നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിഎസിനെപ്പോലെ കേരളത്തില്‍ സമാരാധ്യനായ നേതാവിനെ പൊതുമധ്യത്തില്‍ അപഹസിക്കുന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയ സുധാകരന്റെ നിലപാടിനെതിരായുള്ള പ്രതികരണം കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More: വി എസിനെതിരായ അധിക്ഷേപം: കെ സുധാകരനെതിരെ പ്രതിഷേധം ശക്തം

സുധാകരന്‍ നിരൂപാധികം മാപ്പ് പറയണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആവശ്യപ്പെട്ടു. അതേസമയം കെ. സുധാകരന്റെ പരാമര്‍ശത്തെ കെ.സി. വേണുഗോപാല്‍ തള്ളി. വ്യക്തിപരമായ ആക്ഷേപങ്ങള്‍ നടത്തുന്നത് മര്യാദയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top