കോപ്പിയടിക്കാതിരിക്കാന്‍ വിചിത്രരീതി; തലയില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് വച്ച് പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍

കുട്ടികള്‍ പരീക്ഷയില്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്രരീതി നടപ്പിലാക്കി കോളജ് അധികൃതര്‍. കര്‍ണാടകയിലെ ഹവേരിയിലുള്ള ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതേണ്ടിവന്നത്. ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ പരീക്ഷയെഴുതിയത്. മുന്‍വശം മാത്രം തുറന്ന നിലയിലും മറ്റ് വശങ്ങള്‍ അടച്ചനിലയിലുമായിരുന്നു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്.
ബുധനാഴ്ചയാണ് കുട്ടികള്‍ ഇത്തരത്തില്‍ പരീക്ഷയെഴുതിയത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും സംഭവത്തില്‍ കോളജിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സി പീര്‍ജെഡ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോപ്പിയടി തടയുന്നതിനായാണ് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് നല്‍കിയതെന്നും കുട്ടികളെ ഉപദ്രവിക്കുന്നതിനല്ലെന്നും കോളജ് ഡയറക്ടര്‍മാരിലൊരാളായ എം ബി സതീഷ് പറഞ്ഞു. ഇത് ഒരു പരീക്ഷണമായിരുന്നുവെന്നും കുട്ടികളുമായി സംസാരിച്ചതിനുശേഷമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here