ഒട്ടേറെ ദമ്പതികൾ നിരസിച്ച എയ്ഡ്‌സ് ബാധിതയായ കുഞ്ഞിനെ ദത്തെടുത്ത് ഗേ ദമ്പതികൾ

എയ്ഡ്‌സ്  ബാധിതയായ കുഞ്ഞിനെ ദത്തെടുത്ത് ഗേ ദമ്പതികൾ. അർജന്റീനയിലെ സാന്റ ഫെയിൽ നിന്നുള്ള ദമ്പതികളാണ് പത്തോളം കുടുംബംഗങ്ങൾ നിരസിച്ച കുഞ്ഞിന് തണലായി മാറിയിരിക്കുന്നത്.

2014 ലാണ് അന്ന് 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒലിവിയ എന്ന കുഞ്ഞ് മാതാപിതാക്കളെ തേടുന്നത്. വാർത്തയറിഞ്ഞ സാന്റ ഫെയിലെ ഗേ ദമ്പതികൾ ദാമിയൻ ഫിഗിനും ഏരിയൽ വിജാരയും ഒലിവിയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് ഒലിവിയയെ ഇവർ ദത്തെടുക്കുന്നത്.

‘കണ്ടപ്പോൾ തന്നെ അവൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന തോന്നൽ എന്നിലുണ്ടായി. ഞങ്ങൾക്കിടയിൽ അദൃശ്യ ബന്ധമുണ്ടാകുന്നത് വളരെ പെട്ടന്നായിരുന്നു. കയ്യിലെടുത്തപ്പോൾ അവളൊന്ന് കരഞ്ഞതുപോലും ഇല്ല.’ – ഏരിയൽ പറയുന്നു.

അക്യുനാർ ഫാമിലിയാസ് എന്ന എൻജിഒയുടെ പ്രവർത്തകരാണ് ഏരിയലും ദാമിയനും. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ ദത്തെടുക്കാൻ സഹായിക്കുന്ന സംഘടനയാണ് ഇത്.

ഒലിവിയയെ ഇരുവരും പരിചരിച്ച് തുടങ്ങിയത് മുതൽ നല്ല മാറ്റമാണ് കുഞ്ഞിൽ കണ്ടുതുടങ്ങിയത്. മരുന്നുകളോട് പ്രതികരിക്കുകയും അണ്ടർവെയ്റ്റ് അയിരുന്ന ഒലിവിയയുടെ ഭാരം വർധിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് ഒലിവിയയ്ക്ക് അഞ്ച് വയസ്സ്. എയ്ഡ്‌സ് ഭേദമാക്കാൻ സാധിക്കാത്ത അസുഖമാണെങ്കിലും ഇന്ന് ഒലിവിയയുടെ ശരീരത്തിൽ എച്ചഐവി വൈറസ് പ്രകടമായി കാണാൻ സാധിക്കുന്നിലെന്നത് പ്രത്യാശ പകരുന്നതായി ഡോക്ടർമാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More