സനുഷയുടെ സഹോദരനെന്ന പേരിൽ നടികളെ വിളിച്ച് ശല്യം ചെയ്ത യുവാവ് പിടിയിൽ

നടി സനുഷയുടെ സഹോദരനെന്ന പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ വിളിച്ച് ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി രാഹുലിനെ(22)യാണ് പൊലീസ് പിടികൂടിയത്. സനൂപിന്റെ പിതാവ് സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സഹോദരൻ ഫോൺ ചെയ്യുന്നുവെന്നും പല നടിമാരുടേയും നമ്പർ ആവശ്യപ്പെടുന്നുവെന്നും ചില നടിമാർ സനുഷയോട് പറഞ്ഞു. ഇത് സംശയത്തിനിടയാക്കി. നമ്പർ പരിശോധിച്ചപ്പോൾ അത് സനൂപിന്റേതല്ലെന്ന് വ്യക്തമായതോടെ കണ്ണൂർ എസ്പിക്ക് പരാതി നൽകുകയായിരുന്നു.
നമ്പറിന്റെ വിലാസം മലപ്പുറത്തെ ഒരു വീടായിരുന്നു. എന്നാൽ ആ വീട്ടിലുണ്ടായിരുന്നത് ശാരീരിക പ്രശ്‌നമുള്ള ഒരു യുവാവായിരുന്നു. ഇതോടെ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ അവർ കുറച്ച് നാളുകൾക്ക് മുമ്പ് വീട് മാറിയപ്പോൾ സിം കാർഡ് നഷ്ടമായിരുന്നതായി അറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണം മലപ്പുറം സ്വദേശിയിലേക്ക് എത്തുകയായിരുന്നു.

നിരവധി യുവ നടിമാർക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്കും ഇയാൾ പലപ്പോഴും സന്ദേശം അയച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങളല്ല ഇയാൾ അയച്ചിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top