നിശബ്ദമായി സംസാരിക്കുന്ന ഫ്രെയിമുകള്‍; മൗനാക്ഷരങ്ങള്‍ തിയറ്ററുകളില്‍

ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ഇരുനൂറില്‍പരം കലാകാരന്മാര്‍ അഭിനയിക്കുന്ന ‘മൗനാക്ഷരങ്ങള്‍’ തിയറ്ററുകളില്‍. നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തിലെ മിടുക്കിയായ വിദ്യാര്‍ഥിനിയെ സംഗീതം പഠിപ്പിക്കാന്‍ വേണ്ടി അമ്മ നടത്തുന്ന ശ്രമങ്ങളും ഇതിനെതിരായി സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഇടപെടലുകളും തുടര്‍ന്നുണ്ടാകുന്ന ദുരനുഭവങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അണിയറ ശില്പികള്‍ പറയുന്നു. വടക്കുംനാഥന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ താമരശേരി റീജ്യണല്‍ ഡെഫ് സെന്ററിന്റെ സഹകരണത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദേവദാസ് കല്ലുരുട്ടിയാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സംസാരശേഷിയില്ലാത്തവര്‍ മാത്രം അഭിനയിക്കുന്ന ആദ്യ ചലച്ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രേംദാസ് ഗുരുവായൂര്‍, രാജി രമേശ്, ഫസല്‍ കൊടുവള്ളി, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, സിബി പടിയറ എന്നിവര്‍ രചിച്ച നാല് ഗാനങ്ങളും ഒരു കവിതയും ചിത്രത്തിലുണ്ട്. ബിജു നാരായണന്‍, ശ്രേയ ജയദീപ്, ഗൗരി ലക്ഷ്മി, സിന്ധു പ്രേംകുമാര്‍, ജ്യോതി കൃഷ്ണ എന്നിവരാണ് ഗായകര്‍.
രാജീവ് ആണ് ക്യാമറ. ബവീഷ്ബാല്‍ താമരശേരിയാണ് അസോസിയേറ്റ് ഡയറക്ടര്‍. പാലക്കാടും കോഴിക്കോടുമായാണ് ചിത്രീകരണം നടത്തിയത്.