സൗദിയിലെ ടാക്സി നിരക്കുകൾ പരിഷ്‌ക്കരിച്ചു; മിനിമം ചാർജ് 10 റിയാലായി നിജപ്പെടുത്തി

സൗദിയിലെ ടാക്സി നിരക്കുകൾ പൊതുഗതാഗത അതോറിറ്റി പരിഷ്‌ക്കരിച്ചു. മിനിമം ചാർജ് 10 റിയാലായി നിജപ്പെടുത്തി. വെയ്റ്റിംഗ് ചാർജ് മണിക്കൂറിൽ 48 റിയാൽ നൽകണമെന്നും അതോറിറ്റി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് അധിക ബാധ്യത ഇല്ലാത്ത വിധമാണ് പരിഷ്‌ക്കരിച്ച ടാക്സി നിരക്കുകൾ പൊതുഗതാഗത അതോറിറ്റി അംഗീകരിച്ചത്. അഞ്ചര റിയാൽ അടിസ്ഥാന മീറ്റർ റീഡിംഗ് നിരക്കിന് പുറമെ കിലോ മീറ്ററിന് 1.8 റിയാൽ വീതം നൽകണം. ഇതുപ്രകാരം അഞ്ച് കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 14.5 റിയാലാണ് നിരക്ക്. വെയ്റ്റിംഗ് ചാർജായി മിനിട്ടിന് 80 ഹലാല ഇടാക്കാനും അനുമതിയുണ്ട്. നാല് സീറ്റിംഗ് കപ്പാസിറ്റിയുളള വാഹനങ്ങൾക്കാണ് ഇത്തരത്തിൽ നിരക്ക് ഏർപ്പെടുത്തിയിട്ടുളളത്. അടിസ്ഥാന മീറ്റർ റീഡിംഗ് നിരക്ക് അഞ്ചര റിയാലാണെങ്കിലും മിനിമം ചാർജ് 10 റിയാൽ നൽകണം.
പുലർച്ചെ 12 മുതൽ 6 വരെയുളള സമയങ്ങളിൽ അടിസ്ഥാന മീറ്റർ റീഡിഗ് 10 റിയാൽ ആയിരിക്കും. വാരാന്ത്യ ദിവസങ്ങളിൽ പുലർച്ചെ 2 മുതൽ 6 വരെ മാത്രമേ അടിസ്ഥാന മീറ്റർ റീഡിംഗ് 10 റിയാൽ ഈടാക്കാൻ പാടുളളൂ. അഞ്ചിൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റിയുളള ടാക്സികൾക്ക് കിലോ മീറ്ററിന് രണ്ടു റിയാലാണ് പുതുക്കിയ നിരക്ക്. വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 54 റിയാലും നൽകണം. അതേസമയം, അമിത നിരക്ക് ഈടാക്കുന്ന ടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here