എൻഎസ്എസിനെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകൾ ഇല്ല : ടീക്കാറാം മീണ

എൻഎസ്എസിനെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് ടീക്കാറാം മീണ.

രണ്ട് പരാതികളാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ എസ്എസിനെതിരെ ലഭിച്ചിരിക്കുന്നത്. പരാതി ലഭിച്ചാൽ ഏത് സംഘടനയാണ്, ആരാണ് പരാതി നൽകിയത് എന്ന് അന്വഷിക്കും. നിലവിൽ സിപിഎമ്മാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ മാധ്യമ വാർത്തകൾ അറ്റാച്ച് ചെയ്തിട്ടുണ്ടെന്നല്ലാതെ എൻഎസ്എസ് ജാതി പറഞ്ഞ് വോട്ട് ചോദിച്ചുവെന്നതിന് തെളിവില്ല. സമസ്ത കേരള നായർ സമാജമാണ് മറ്റൊരു പരാതിക്കാരൻ. അവർക്കും തെളിവ് ഹാജരാക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ സ്വമേധയാ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആഗ്രഹിക്കുന്നില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു.

Read Also : ശരിദൂര നിലപാടിൽ എൻഎസ്എസിനെ വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

സമദൂരമായിരുന്നു നല്ലതെന്ന തന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്യേണ്ടെന്ന് ടീക്കാറാം മീണ കൂട്ടിച്ചേർത്തു. എൻഎസ്എസിന്റെ ‘ശരിദൂരം’ നിലപാടിനേ്കാൾ നല്ലത് ‘സമദൂരം’ നിലപാടായിരുന്നുവെന്നാണ് ടീക്കാറാം മീണ പറഞ്ഞത്. നായർ സമുദായത്തെയോ എൻഎസ്എസിനെയോ മാത്രം ഉദ്ദേശിച്ചല്ല ഇക്കാര്യം പറഞ്ഞതെന്നും സമുദായ സംഘടനകൾക്ക് വഴിപ്പെട്ട് രാഷ്ട്രീയം നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് സുതാര്യമായ ജനാധിപത്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും ധാർമികതയുടെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും ടീക്കാറാം മീണ വിശദീകരിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top