ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സെനറ്റ് നേതാവ് മിച്ച് മക്കോണൽ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് മിച്ച് മക്കോണൽ വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. തീരുമാനം തന്ത്രപരമായി സംഭവിച്ച ഗുരുതര പിഴവാണെന്നും അത് തീവ്രവാദത്തെ അമേരിക്കൻ തീരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതും തുടർന്ന് തുർക്കി കുർദുകൾക്കെതിരെ സൈനിക നടപടി ആരംഭിച്ചതും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ ദു:സ്വപ്‌നമാണ്. ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് തീവ്രവാദികൾക്കുമെതിരായ അമേരിക്കയുടെ നിലപാടിന് തീരുമാനം തിരിച്ചടിയാകുമെന്നും മിച്ച് മക്കോണൽ വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ പറഞ്ഞു. അമേരിക്കൻ സൈന്യം സിറിയയിൽ നിന്ന് പിൻവാങ്ങിയത് മേഖലയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കാൻ അവസരം നൽകുമെന്ന് മക്കോണൽ കുറ്റപ്പെടുത്തി. തുർക്കിയുടെ നിയമപരമായി നിലനിൽക്കുന്ന സുരക്ഷാ ആശങ്കകളെ ബഹുമാനിച്ചുകൊണ്ടുതന്നെ അവരെ തല്ലിയും തലോടിയും നിലക്കുനിർത്തുകയാണ് വേണ്ടതെന്ന് മിച്ച് മക്കോണൽ പറയുന്നു.

അതേസമയം, അമേരിക്ക, സിറിയയിൽ പരിമിതമായ സൈന്യത്തെ നിലനിർത്തുകയും വേണം. ഇത്തരത്തിലുള്ള കലാപങ്ങൾ കൊണ്ട് വലയുന്ന പശ്ചിമേഷ്യൻ മേഖലയിലുള്ള സഖ്യകക്ഷികളുമായി അടുത്ത് പ്രവർത്തിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും മിച്ച് മക്കോണൽ നിർദേശിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ തലമുതിർന്ന നേതാവായ മിച്ച് മക്കോണൽ പക്ഷെ ലേഖനത്തിലൊരിടത്തും ട്രംപിന്റെ പേര് പരാമർശിക്കുന്നില്ല. നേരത്തെ സിറിയയിലെ സാഹചര്യം അമേരിക്കക്ക് തന്ത്രപരമായി മികച്ചതാണെന്ന് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് അഞ്ച് ദിവസത്തെ വെടിനിർത്തലിന് തുർക്കി സമ്മതിച്ചിരുന്നു. പത്ത് ദിവസം മുൻപ് തുർക്കി ആരംഭിച്ച സൈനിക നടപടിയിൽ 72 സാധാരണക്കാരായ ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. നാല് ലക്ഷത്തിലധികം പേർ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയുമുണ്ടായി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top