വനഭൂമിയുടെ കാര്യത്തിൽ വ്യക്തത വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ; ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

വനഭൂമിയുടെ കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. ഒരു പ്രദേശത്തെ വനമായി നിർവചിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. തരംതിരിക്കാത്ത ഭൂമിയെ വനമായി നിർവചിക്കാൻ ഉൾപ്പടെ സംസ്ഥാനങ്ങൾ ഇനി മുതൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതില്ല. ഒരിക്കൽ വനഭൂമിയായി സംസ്ഥാനം വിജ്ഞാപനം ചെയ്താൽ പിന്നീട് ആ ഭൂമിയെ ഒരു കാരണവശാലും വനമാല്ലാതെ തിരികെ വിജ്ഞാപനം ചെയ്യാനാകില്ല. ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്.

ഫെഡറൽ സംവിധാനം നിലനിൽക്കുന്ന കാരണത്താൽ ഇന്ത്യയിൽ സമഗ്രമായി ഇതുവരെ നിർവചിച്ചിട്ടില്ലാത്ത പദമാണ് വനം. പതിനാറ് തരം വനങ്ങളാണ് രാജ്യത്ത് ഉള്ളത്. അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഒരു സംസ്ഥാനം പുൽമേടുകൾ എന്നു വിളിയ്ക്കുന്ന പ്രദേശത്തെ അയൽ സംസ്ഥാനം വനമായി കണക്കാക്കുന്ന തരത്തിലുള്ള വ്യത്യസ്തകളും സാധാരണം. ഈ സാഹചര്യത്തിലാണ് ഇതുവരെ തരം തിരിച്ചിട്ടില്ലാത്ത ഭൂമിയെ വനമായി പ്രഖ്യാപിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

സുപ്രിംകോടതിയുടെ ഗോദവർമൻ കേസിലുണ്ടായ വിധിയെ മുൻ നിർത്തി 2014 മുതൽ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി നടത്തി നടത്തിവന്ന ശ്രമങ്ങൾക്ക് ഇതോടെ പരിസമാപ്തിയായി. ഉത്തരഖണ്ഡ് സർക്കാർ വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതുമയി ബന്ധപ്പെട്ട വിഷയത്തിൽ സമീപ ദിവസം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച് പ്രസ്തുത അപേക്ഷ മടക്കിയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. തരംതിരിക്കാത്ത ഭൂമിയെ വനമായി നിർവചിക്കാൻ ഉൾപ്പടെ സംസ്ഥാനങ്ങൾ ഇനി മുതൽ കേന്ദ്രത്തിന്റെ അനുമതി വാങ്ങേണ്ടതില്ല. വനം ഉപദേശക സമിതിയുടെ നിർദേശം ആണ് വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചത്.

അതേസമയം, ഒരിക്കൽ വനമായി സംസ്ഥാനം വിജ്ഞാപനം ചെയ്താൽ പിന്നിട് ആ ഭൂമിയെ ഒരു കാരണവശാലും വനമാല്ലാതെ തിരികെ വിജ്ഞാപനം ചെയ്യാനാകില്ല. അത്തരം പ്രദേശം പിന്നിട് വനസംരക്ഷണ നിയമങ്ങൾക്ക് വിധേയമായിരിക്കും. നിലവിലുള്ള സാഹചര്യത്തിൽ വനമേഖല പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ രാജ്യത്ത് 1 ശതമാനത്തിന് മുകളിൽ വനഭൂമിയുടെ വർധനവ് ഉണ്ടാകുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം കരുതുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ഇപ്രകാരം തരം തിരിക്കാത്ത ഭൂമിയിലെ വനഭൂമി നിർവചിക്കാൻ ഉടൻ ആവശ്യപ്പെടും. വനം പരിസ്ഥിതി മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടർ ജനറലും ആയ സിദ്ധാർത്ഥ ദാസ് ആണ് ഇക്കാര്യം ട്വന്റിഫോറിനോട് സ്ഥിതികരിച്ചത്. നിരവധി സംസ്ഥാനങ്ങൾക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ തിരുമാനം ഗുണകരമകും എങ്കിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾക്ക് പുതിയ അധികാരം ഇരു തല മൂർച്ചയുള്ള വാളായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top