പുതിയ തന്ത്രങ്ങളുമായി ബോറിസ് ജോൺസൻ; ബ്രെക്‌സിറ്റിനുള്ള സമയപരിധി നീട്ടിവെക്കരുതെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയന് കത്ത് നൽകി

ബ്രെക്‌സിറ്റിന് മൂന്ന് മാസം കൂടി സമയം നൽകാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാർലമെന്റ് പ്രമേയം പാസാക്കിയതിന് പിന്നാലെ പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടും, ബ്രെക്‌സിറ്റിനുള്ള നിലവിലെ സമയപരിധി നീട്ടിവെക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രണ്ട് കത്തുകൾ ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ചു. ഇതിൽ കാലാവധി നീട്ടിവെക്കരുതെന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ കത്തിൽ മാത്രമാണ് ബോറിസ് ജോൺസൻ ഒപ്പുവെച്ചിട്ടുള്ളത്.

ബ്രെക്‌സിറ്റ് കാലാവധി നീട്ടണമെന്ന് ബ്രസൽസിനോട് ആവശ്യപ്പെട്ടുകൊണ്ട് അയച്ച കത്തിൽ ബോറിസ് ജോൺസൺ ഒപ്പുവച്ചിട്ടില്ല. പാർലമെന്റ് പാസാക്കിയ പ്രമേയം അതേപടി യൂറോപ്യൻ യൂണിയന് അയക്കുകയായിരുന്നു. നിയമപരമായ ചുമതല നിർവഹിക്കാൻ നിർബന്ധിതനായി അയച്ച ഈ കത്തിനൊപ്പം ബ്രെക്‌സിറ്റ് തീയതി വൈകിപ്പിക്കുന്നത് ബ്രിട്ടനും യൂറോപ്യൻ യുണിയനും ദോഷകരമാണെന്ന് കാണിച്ച് മറ്റൊരു കത്തുകൂടി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയന് അയച്ചിട്ടുണ്ട്. ഈ കത്തിൽ മാത്രമാണ് അദ്ദേഹം ഒപ്പുവച്ചിട്ടുള്ളത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കത്ത് കിട്ടിയെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. കത്തിനോട് എങ്ങനെ പ്രതികരണമെന്ന് യൂണിയൻ നേതാക്കളുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ബ്രെക്‌സിറ്റ് നീട്ടാൻ ആവശ്യപ്പെടുന്ന പ്രമേയം ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്. കൺസർവേറ്റിവ് എംപി ഒലിവർ ലെറ്റ്‌വിൻ കൊണ്ടുവന്ന പ്രമേയം 306നെതിരെ 322 വോട്ടിനാണ് പാസായത്. ഇന്നലെ രാത്രി 11ന് മുൻപ് കരാറിൽ തീരുമാനമായില്ലെങ്കിൽ മൂന്നു മാസം കൂടി കാലാവധി നീട്ടാൻ യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയായിരുന്നു എംപിമാരുടെ നടപടി. മരിക്കേണ്ടിവന്നാലും യൂറോപ്യൻ യൂണിയനോട് ബ്രെക്‌സിറ്റ് കാലാവധി നീട്ടി ചോദിക്കില്ലെന്നായിരുന്നു പാർലമെന്റിലെ തിരിച്ചടിക്ക് ശേഷം ജോൺസന്റെ ആദ്യ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top