ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ്; 497 റണ്‍സില്‍ ഡിക്ലെയര്‍ ചെയ്ത് ഇന്ത്യ

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ 497 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലെയര്‍ ചെയ്തു. ഇരട്ട സെഞ്ചുറി നേടിയ രോഹിതിന്റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ മികച്ചു നിന്നത്. 255 പന്തില്‍ നിന്ന് 212 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. മൂന്ന് വിക്കറ്റിന് 39 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ചേര്‍ന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടിലൂടെയാണ് രോഹിത് തിരികെ കൊണ്ടുവന്നത്. 192 പന്തില്‍ 115 റണ്‍സാണ് രഹാനെ നേടിയത്.

ആറാം നമ്പരിലിറങ്ങിയ ജഡേജ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മായങ്ക് അഗര്‍വാള്‍ 10 റണ്‍സ്, വിരാട് കോഹ്‌ലി 12 റണ്‍സ്, രവീന്ദ്ര ജഡേജ 51 റണ്‍സ്, വൃദ്ധിമാന്‍ സാഹ 24 റണ്‍സ്, അശ്വിന്‍ 14, ഉമേഷ് യാദവ് 31 റണ്‍സ് എന്നിങ്ങനെ നേടി.

Read More:ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ചുറിയുമായി രോഹിത്

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ പേരില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിത് ശര്‍മയുടേതാണ്. ടെസ്റ്റില്‍ രോഹിത് ശര്‍മ ആദ്യമായി ഓപ്പണറായി കളിക്കുന്നു എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജോര്‍ജ് ലിന്‍ഡെ നാലും റബാഡ മൂന്നും വിക്കറ്റ് വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top