തൊണ്ണൂറ്റിയാറിന്റെ നിറവില്‍ വിപ്ലവസൂര്യന്‍

കേരള രാഷ്ട്രീയം ആവേശത്തോടെ നെഞ്ചോട് ചേര്‍ത്ത വി എസ് എന്ന രണ്ടക്ഷരത്തിന് ഇന്ന് 96 ാം പിറന്നാള്‍. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയും തന്നെ അധിക്ഷേപിച്ച കെ സുധാകരന് ചുട്ട മറുപടി നല്‍കിയും സജീവമായിരുന്നു അദ്ദേഹം. പതിവുപോലെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരിക്കും വി എസ് അച്യുതാനന്ദന്റെ പിറന്നാള്‍ ആഘോഷം. വി എസ് അച്യുതാനന്ദന്റെ ഈ പതിവിന് ഇക്കുറിയും മാറ്റമുണ്ടാകില്ല. 96 ലേക്ക് കടക്കുമ്പോഴും പോരാട്ട വീര്യത്തിന് മാറ്റമൊന്നുമുണ്ടാകില്ല.

തെരഞ്ഞെടുപ്പ് പ്രചാരത്തിനിടെ പ്രകോപനവുമായെത്തിയ കെ സുധാകരന് എംപിക്ക് ചുട്ട മറുപടിയുമായി പിറന്നാള്‍ തലേന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ഏറെ നാളുകള്‍ക്ക് ശേഷമാണ് വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രപാരണത്തിന് വി എസ് എത്തിയത്.

ആലപ്പുഴയില്‍ 1923 ഒക്ടോബര്‍ 20 നായിരുന്നു ജനനം. ദാരിദ്ര്യത്തോട് പടവെട്ടിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായതും കേരളത്തിന്റെ മുഖ്യമന്ത്രിയായതുമെല്ലാം ചരിത്രം. നിലപാടുകളിലെ കാര്‍ക്കശ്യവും നീട്ടിയും കുറുക്കിയുമുള്ള സംസാരശൈലിയും പുന്നപ്രയുടെ സമരനായകനെ എതിരാളികള്‍ക്ക് പോലും പ്രിയപ്പെട്ടവനാക്കി.

പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിര്‍പ്പുകളെ ഒരുപോലെ അതിജീവിച്ചാണ് വി എസ് രാഷ്ട്രീയം പറഞ്ഞത്. ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും അങ്ങനെ തന്നെ. അത് തുടരുമെന്ന പ്രഖ്യാപനമായിരുന്നു അവശതകള്‍ക്കിടയിലും ഉപതെരഞ്ഞെടുപ്പിലെ ഇടപെടല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top