ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് സമയം അവസാനിച്ചു

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. അരൂരിലും മഞ്ചേശ്വരത്തും എറണാകുളത്തും ചില ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിരയാണുള്ളത്. എറണാകുളം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഭേദപ്പെട്ട വോട്ടിംഗ് രേഖപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്ന പോളിംഗ് വൈകിയ എറണാകുളത്ത് കൂടുതല്‍ സമയം അനുവദിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. ക്യൂവിലുള്ളവര്‍ക്ക് മാത്രമേ ആറുമണിക്ക് ശേഷം വോട്ട് ചെയ്യാന്‍ അവസരം നല്‍കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. എറണാകുളത്ത് കനത്ത മഴയും നഗരത്തിലെ വെള്ളക്കെട്ടും പോളിംഗ് ശതമാനത്തെയും ബാധിച്ചു. എന്നാല്‍ മറ്റ് മണ്ഡലങ്ങളില്‍ മഴയെ അവഗണിച്ചും ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തി.

എറണാകുളം

മഴയില്‍ ആവേശം കുറഞ്ഞ് എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ്. ഇതുവരെ 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. പോളിംഗ് സമയം നീട്ടി നല്‍കണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിക്കാതിരുന്നത് യുഡിഎഫിന് തിരിച്ചടിയായി. പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കനത്ത മഴയും നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടുമാണ് പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയത്. തോരാതെ പെയ്ത മഴയില്‍ എറണാകുളം മണ്ഡലത്തിലെ ബൂത്തുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. ഇതോടെ വോട്ട് ചെയ്യാന്‍ നടന്നെത്താന്‍ പോലും കഴിയാത്ത അവസ്ഥയായി.

മഴ ശക്തമായതിനെ തുടര്‍ന്ന് 11 ബൂത്തുകള്‍ രാവിലെ തന്നെ മാറ്റി സ്ഥാപിച്ചു. അയ്യപ്പന്‍കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അരയോളം വെള്ളത്തില്‍ മുങ്ങിയ പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. പല ബൂത്തുകളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചു. രാവിലെ 11 മണിവരെയും 10 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പോളിംഗ്. ഇതോടെ യുഡിഎഫ് ക്യാമ്പ് അങ്കലാപ്പിലായി. വെള്ളം കയറിയ ബൂത്തില്‍ വോട്ടിംഗ് മാറ്റിവയ്ക്കണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി. ഉച്ചയ്ക്കുശേഷം മഴയ്ക്ക് ശമനമുണ്ടായതോടെ പോളിംഗ് നേരിയ തോതില്‍ ഉയര്‍ന്നു. അതോടെ പോളിംഗ് സമയം കൂട്ടണമെന്ന ആവശ്യവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുവദിച്ചില്ല. പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. നഗരത്തിലെ വെള്ളക്കെട്ടും ഇതെ തുടര്‍ന്നുള്ള ജനങ്ങളുടെ പ്രതിഷേധവും യുഡിഎഫ് ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ്

വട്ടിയൂര്‍ക്കാവില്‍ വോട്ടെടുപ്പ് പൂര്‍ണമായി കഴിഞ്ഞു. വോട്ടിംഗ് സാമഗ്രികള്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ മഴ ഉണ്ടായിരുന്നതിനാല്‍ ആദ്യ മൂന്ന് മണിക്കൂറില്‍ കാര്യമായ പോളിംഗ് ഉണ്ടായിരുന്നില്ല. എന്നാല്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് 62 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തിട്ടുള്ളത്. വട്ടിയൂര്‍ക്കാവിനെ സംബന്ധിച്ച് വളരെ കുറഞ്ഞ ഒരു പോളിംഗാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഏകദേശം 69 ശതമാനം പോളിംഗ് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നഗരപ്രദേശങ്ങളില്‍ പൊതുവെ വോട്ടിംഗിനോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമായിരുന്നു ഉണ്ടായിരുന്നത്.

അരൂര്‍

ഉച്ചവരെ ഉച്ചവരെ വോട്ടിംഗ് മന്ദഗതിയിലായിരുന്ന അരൂരില്‍ വൈകുന്നേരത്തോടെയാണ് ആളുകള്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. ഇപ്പോഴും വലിയ ക്യൂ പലയിടങ്ങളിലുമുണ്ട്. ആദ്യ രണ്ടു മണിക്കൂറില്‍ ആളുകള്‍ അധികമുണ്ടായിരുന്നില്ല. 10 മണിക്കൂശേഷം നല്ല രീതിയില്‍ വോട്ടിംഗ് പുരോഗമിച്ചു. 11 മണിയോടെ മഴ മാറിയതോടെ കൂടുതല്‍ വോട്ടര്‍മാരെത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് അരൂരിലാണ്. 78.90 ശതമാനമാണ് രേഖപ്പെടുത്തിയത്. 2016 ലെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞു. 85.87 ശതമാനമായിരുന്നു അരൂരില്‍. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും പോളിംഗ് ഉയര്‍ന്നിട്ടുണ്ട് എന്നതാണ് മുന്നണികളെ പ്രതീക്ഷയിലാക്കുന്നത്.

കോന്നി

കനത്ത മഴയിലും കോന്നിയില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ പെയ്ത കനത്ത മഴമൂലം തുടക്കത്തില്‍ വോട്ടിംഗ് മന്ദഗതിയിലായി. റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടതോടെ പോളിംഗ് കുറയുമെന്ന് തോന്നിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മഴ മാറിയതോടെ പോളിംഗ് ശതമാനം വര്‍ധിച്ചു. നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം 70 ശതമാനമാണ് പോളിംഗ്. മലയോര മേഖലകളായ ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന് മാത്രമായിരുന്നു മണ്ഡലത്തില്‍ വോട്ട് ഉണ്ടായിരുന്നത്. സീതത്തോട് പഞ്ചായത്തിലെ 61 ാം നമ്പര്‍ ബൂത്തില്‍ ജനീഷ് കുമാര്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ എത്തി പോളിംഗ് വിലയിരുത്തി. കനത്ത മഴമൂലം രാവിലെ ചില ബൂത്തുകളില്‍ വൈദ്യുതി തടസം നേരിട്ടതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നു മണ്ഡലത്തിലുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.24 ശതമാനമായിരുന്നു കോന്നിയിലെ പോളിംഗ്. ഇതു മറികടക്കാനായില്ലെങ്കിലും പോളിംഗ് കുത്തനെ കുറയാതിരുന്നതാണ് മുന്നണികളുടെ ആശ്വാസം.

മഞ്ചേശ്വരം

അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 74.12 പോളിംഗാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥ പ്രതികൂലമല്ലാത്തതിനാല്‍ പരമാവധി വോട്ടര്‍മാര്‍ രാവിലെതന്നെ എത്തി വോട്ട് രേഖപ്പെടുത്തി. 76.06 ശതമാനം പോളിംഗായിരുന്നു കഴിഞ്ഞ ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. ഇക്കുറി പോളിംഗ് ശതമാനമുയര്‍ന്നാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന അവകാശവാദമാണ് മൂന്ന് മുന്നണികളും ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ഒന്നാമതായി വോട്ട് രേഖപ്പെടുത്തി. തികഞ്ഞ ആത്മവിശ്വാസമാണ് വോട്ട് രേഖപ്പെടുത്തിയശേഷം ശങ്കര്‍ റേ പങ്കുവച്ചത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന്‍. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയ പ്രതീക്ഷ തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രിയും പങ്കുവച്ചത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇത്തവണ വോട്ട് മറിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷയിലാണ് ഇത്തവണ മഞ്ചേശ്വരത്ത് വോട്ടെടുപ്പ് നടന്നത്. ജനവിധി ആര്‍ക്ക് അനുകൂലമാകുമെന്ന് ഇനി കണ്ടറിയണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top