തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിന്; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം

വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. കൊച്ചി മേയറെ ഉള്‍പ്പെടെ മാറ്റണമെന്ന് യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.

അനൈക്യവും അഭിപ്രായ ഭിന്നതകളുമാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന പൊതു വിലയിരുത്തലാണ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലുയര്‍ന്നത്. ഇതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായില്ല. ഇതിനുത്തരവാദികള്‍ ബൂത്ത് പ്രസിഡന്റുമാരോ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്നവരോ അല്ലെന്നും മറിച്ച് നേതൃത്വമാണെന്നും പലരും തുറന്നടിച്ചു. പ്രചാരണത്തിലും വീഴ്ചകളുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ ഉണ്ടായ തര്‍ക്കങ്ങളും അനൈക്യവും പരിഹരിക്കാനായില്ല. ഇതും തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

പാലായില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് എം എം ഹസന്‍ കുറ്റപ്പെടുത്തി. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും പരാജയങ്ങള്‍ പഠിക്കാന്‍ അന്വേഷണ സമിതിയെ നിയമിക്കാനും തീരുമാനിച്ചു. കൊച്ചി മേയറെയും ഭരണ സമിതിയെയും മാറ്റി പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. അല്ലാത്തപക്ഷം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ബെന്നി ബഹന്നാന്നും വി ഡി സതീശനും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി ഉചിതമായ തീരുമാനമെടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ യോഗം ചുമതലപ്പെടുത്തി. കെപിസിസി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. ജനപ്രതിനിധികളെ പാര്‍ട്ടി ഭാരവാഹികള്‍ ആക്കരുതെന്നും ഒരാള്‍ക്ക് ഒരു പദവി മതിയെന്നും പി ജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top