രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന ‘കുഞ്ഞന്‍’ ഇലക്ട്രിക് കാറുമായി ടൊയോട്ട

ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്നവരെ ലക്ഷ്യമിട്ട് രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ‘കുഞ്ഞന്‍’ ഇലക്ട്രിക് കാറുമായി ടൊയോട്ട. ടോക്യോ മോട്ടോര്‍ ഷോയിലാണ് പുതിയ അള്‍ട്രാ കോംപാക്ട് ടൂ സീറ്റര്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) ടൊയോട്ട പ്രദര്‍ശിപ്പിക്കുക.

നഗര യാത്രകള്‍ക്കനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിത്. അടുത്ത വര്‍ഷത്തോടെ ഈ കുഞ്ഞന്‍ കാര്‍ ജാപ്പനീസ് നിരത്തുകളിലേക്കെത്തും. ഒറ്റചാര്‍ജില്‍ (അഞ്ച് മണിക്കൂര്‍) 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.

എല്‍ഇഡി ഹെഡ്‌ലാമ്പ്, ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക് കാറിന്റെ പ്രത്യേകതകള്‍. ഹെഡ്ലാമ്പുകള്‍ക്ക് നടുവിലായാണ് ചാര്‍ജിംഗ് പോര്‍ട്ട്. 2490 എംഎം നീളവും 1290 എംഎം വീതിയും 1560 എംഎം ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്. ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നതിന് ഈ കുഞ്ഞന്‍ കാറിലൂടെയാകുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട. അതേസമയം വാഹനത്തിന്റെ ബാറ്ററിയെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top