Advertisement

അഭീലിന്റെ ജീവൻ എടുത്ത അത്‌ലറ്റിക് മീറ്റ്

October 22, 2019
Google News 1 minute Read

ഒക്ടോബർ നാലിനു ഉച്ചയ്ക്ക് 12.10നാണ് പാലാ നഗരസഭാ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. മീറ്റിൽ വൊളന്റിയറായിരുന്ന അഭീൽ ജാവലിൻ ത്രോ ഫീൽഡിൽ നിൽക്കുന്നതിനിടെ സമീപത്തു നടന്ന ഹാമർ ത്രോ മത്സരത്തിൽ എറിഞ്ഞ ഹാമർ തലയിൽ പതിക്കുകയായിരുന്നു. 3 കിലോ ഭാരമുള്ള ഹാമർ  തലയിൽ പതിച്ചതോടെ തലയോട്ടി പൊട്ടിച്ചിതറി തലച്ചോറിന് സാരമായ പരുക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇന്നലെ വൈകീട്ടോടെ അഭീൽ ഈ ലോകത്തോട് വിടപറഞ്ഞു.

പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയായ അഭീൽ, ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകനാണ്. ഇന്നലെ രാവിലെയാണ് അഭീലിന്റെ മാതാപിതാക്കളെ മുറിയിലേക്ക് വിളിച്ച് മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി,കെ ബാലകൃഷ്ണൻ പറഞ്ഞത് ‘ നമുക്ക് സാധ്യമായതെല്ലാം ചെയ്തു. ദൈവം ഒപ്പമില്ലെന്നു തോന്നുന്നു…’

ഒന്നും പ്രതികരിക്കാതെ കുറച്ചുനേരം അവർ നിന്നു. തകർന്ന മനസ്സോടെ അവർ ഡോക്ടറുടെ മുറിവിട്ട് പുറത്തേക്ക് പോയി. ഒടുവിൽ ഇന്നലെ വൈകീട്ടോടെ പ്രതീക്ഷകൾ ബാക്കിയാക്കി അഭീൽ യാത്രയായി. ജീവനറ്റ അഭീലിനന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും വരെ അവർ ആ നിൽപ്പ് തുടർന്നു.

ജോൺസൺന്റേയും ഡാർളിയുടേയും ഏക മകനാണ് അഭീൽ. അപകടം സംഭവിച്ചത് മുതൽ മകനെ  ഡോക്ടർമാരെ ഏൽപ്പിച്ച്, ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിൽ ഐസിയുവിനു മുന്നിൽ ആ മാതാപിതാക്കൾ കാത്തു നിന്നു. പലപ്പോഴും ഡോക്ടർമാർക്ക് വിശ്വസം നഷ്ടപ്പെടുമ്പോഴും അഭീൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ഇരുവരും. ജീവൻ വേണ്ടിയുള്ള 18 ദിവസത്തെ പോരാട്ടമാണ് ഇന്നലെ അവസാനിച്ചത്.

മികച്ച ഫുട്‌ബോൾ താരമായിരുന്നു അഭീൽ. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട് ബോൾ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ അടിസ്ഥാന പരിശീലന ക്യാമ്പിൽ അഭീൽ പങ്കെടുക്കുന്നത്.  അന്ന് മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച അഭീൽ, സ്‌കോർലൈനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിൽ ഒരാൾ ആയിരുന്നു.  മധ്യനിരയിൽ അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന കളിക്കാരൻ എന്നായിരുന്നു പോർച്ചുഗീസ് പരിശീലകൻ ജാവിയർ പെട്രോ അഭീലിനെ വിശേഷിപ്പിച്ചത്.

പാഞ്ഞടുത്ത വിധി

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർത്രോ മത്സരവേദിക്കു സമീപം ജാവലിൻ ത്രോ മത്സരത്തിൽ സഹായിയായിരുന്നു അഭീൽ. അണ്ടർ 18 വിഭാഗം പെൺകുട്ടികളുടെ ഹാമർത്രോ മത്സരത്തിനിടയിൽ 40 അടി ഉയരത്തിൽ നിന്ന് വന്ന 3കിലോ ഭാരമുള്ള ഹാമർ അഭീലിന്റെ തലയിൽ വന്നു പതിക്കുകയായിരുന്നു.  ഹാമർ അഭീലിനു നേരെ വരുന്നത് കണ്ടുനിന്നവർ നിലവിളിച്ചു. അപകടം ഒഴിവാക്കാൻ അഭീൽ കുനിഞ്ഞിരുന്നു. അപ്പോഴേക്കും നെറ്റിയുടെ ഇടത് ഭാഗം തകർത്ത് ഹാമർ പതിച്ചു.

സംഘാടനത്തിലെ പിഴവ്

ഒരേ സമയത്ത് അടുത്തടുത്തായി രണ്ട് ത്രോ മത്സര ഇനങ്ങൾ സംഘടിപ്പിച്ചതാണ് അപകടകാരണം. വനിതാ ഹാമർ ത്രോ ഏരിയയുടെ അടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരവും നടന്നത്. രണ്ട് ഇനങ്ങളുടെയും ഫീൽഡുകൾ ഒന്ന് തന്നെയായിരുന്നു.  ഹാമർ ത്രോയിൽ ഒരു ഏറ് കഴിഞ്ഞാൽ ജാവലിനിൽ ഒരു ഏറ് എന്ന ക്രമത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്‌. മത്സരങ്ങളിൽ ഫീൽഡിൽ ഉണ്ടായിരുന്ന വോളണ്ടിയർമാരിൽ ഒരാളായിരുന്നു അഭീൽ.

ചട്ടങ്ങൾ അവഗണിച്ചുകൊണ്ടുള്ള മത്സരം

മൂന്ന് കിലോയുള്ള ഹാമർ തലയിൽ വീണ് ഗുരുതരാവസ്ഥയിൽ അഭീലിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴും മത്സരം പാലാ നഗരസഭാ സ്റ്റേഡിയത്തിൽ മത്സരം തുടരുകയായിരുന്നു.
അഭീലിനെ ആശുപത്രിയിൽ എത്തിക്കും മുൻപ് ചോരപുരണ്ട ഹാമർ കഴുകിയെടുത്ത് മത്സരം തുടർന്നു. അടുത്ത ഏറിൽ ഹാമർ മികച്ച ദൂരം പിന്നിട്ടു. ഇതിനിടയിൽ അഭീലിനെ കുറ്റപ്പെടുത്താനും സംഘാടകർ വ്യഗ്രത കാട്ടി.

ചട്ടപ്രകാരം ജാവലിൻ ത്രോ , ഹാമർ മത്സരങ്ങൾ അടുത്തടുത്ത് നടത്താൻ പാടില്ല. മാത്രമല്ല, ഒരേ സമയം നടത്തുകയാണെങ്കിൽ കൃത്യമായ അകലം പാലിച്ചിരിക്കണം. എന്നാൽ സംഘാടകർ ഇതെല്ലാം കാറ്റിൽ പറത്തി സുരക്ഷാ മാനദണ്ഡങ്ങളെല്ലാം അവഗണിച്ച് മത്സരം നടത്തി.

അപകടകാരണം സംഘാടനത്തിലെ പിഴവെന്ന് വ്യക്തമായതോടെ അഭീൽ വോളന്റിയറല്ല കാഴ്ചക്കാരനാണെന്ന നിലപാടിലെത്തി സംഘാടകർ.  എന്നാൽ, മത്സരം നടക്കുമ്പോൾ സാധാരണ വിദ്യാർത്ഥിക്ക് എങ്ങനെ സ്‌റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന ചോദ്യത്തിൽ ആ വാദം മുങ്ങിപ്പോയി.

ഇഴയുന്ന അന്വേഷണം

  • മത്സരം തുടങ്ങി അപകട ശേഷവും നടത്തിപ്പിലെ അനാസ്ഥ തെളിഞ്ഞിട്ടും സംഘാടകരെ സഹായിക്കുന്ന സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
  • മത്സരം നടക്കുന്ന കാര്യം കളക്ടറെയോ ആർഡിയോയെയോ അറിയിച്ചില്ല.
    സ്‌റ്റേഡിയം ഉടമകളായ നഗരസഭയുടെ അനുമതി തേടിയില്ല.
  • കൃതൃമായ ആരോഗ്യസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയില്ല. ആകെയുണ്ടായിരുന്നത് ആയുർവേദ വിദഗ്ദരുടെ സംഘം മാത്രം.
  • വിദ്യാർത്ഥികളെ വോളന്റിയർമാരായി നിറുത്താൻ വിദ്യാലയത്തിന്റെയോ രക്ഷിതാക്കളുടേയോ അനുവാദം വാങ്ങിയില്ല.
  • രണ്ട് മത്സരങ്ങളോടും ലാൻഡിംഗ് ഒരേസ്ഥലത്ത് നിശ്ചയിക്കപ്പെട്ടതും വലിയ വീഴ്ചയാണ്.

സമാന സംഭവങ്ങൾ

കായികമേളയിലെ സംഭവങ്ങൾ ഇതാദ്യമല്ല. 2008ൽ തൊടുപുഴയിൽ സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ സഹപാഠി എറിഞ്ഞ ജാവലിൻ തലയിൽ തുളച്ചുകയറി അബിൽ ജലീൽ മരിച്ചതാണ് സംഭവങ്ങളിൽ പഴയത്.  ഇതേവർഷമാണ് ഹാമർ തലയിൽ വീണ് എടക്കര സ്‌കൂൾ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. 2011ൽ കായിക മത്സരത്തിനിടെയാണ് കൊല്ലം പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുടെ കണ്ണിൽ ജാവലിൻ തറച്ച് അപകടം ഉണ്ടാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here