ചിലിയിൽ ജനകീയ പ്രക്ഷോഭം; ഒത്തുതീർപ്പിന് തയ്യാറെന്ന സൂചന നൽകി പ്രസിഡന്റ്

ചിലിയിൽ ജനകീയ പ്രക്ഷോഭം തുടരവെ ഒത്തുതീർപ്പിന് തയ്യാറെന്ന സൂചന നൽകി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര. അസമത്വമില്ലാതാക്കാൻ പുതിയൊരു സാമൂഹ്യ കരാറിന് രൂപം നൽകാൻ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പിനേര അറിയിച്ചു. അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ തുടരുകയാണ്.

ചിലിയിലെ ജനകീയ പ്രക്ഷോഭം പതിനാറാം ദിവസത്തേിലേയക്ക് കടന്ന സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര രംഗത്തെത്തിയത്. അസമത്വമില്ലാതാക്കാൻ പുതിയൊരു സാമൂഹ്യ കരാറിന് രൂപം നൽകാൻ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പിനേര അറിയിച്ചു. തലസ്ഥാനമായ സാന്റിയാഗോയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പിനേര. വിധ്വംസക പ്രവർത്തനത്തിനെതിരെ രാജ്യത്ത് യുദ്ധം നടക്കുകയാണെന്ന പിനേരയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് പിനേര നിലപാട് മയപ്പെടുത്തിയത്. അക്രമം മൂലമുണ്ടായ നാശനഷ്ടം കണ്ട് കുപിതനായതിനാലാണ് അങ്ങിനെയൊരു പ്രസ്താവന നടത്തിയതെന്ന പിനേര പറഞ്ഞു.

അതേസമയം പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. അക്രമസംഭവങ്ങളെത്തുടർന്ന് ഞായറാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. അടിയന്തരാവസ്ഥ തുടരുന്നതിനാൽ തലസ്ഥാന നഗരിയായ സാന്റിയാഗോയിലെ സ്‌ക്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സമരത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ 200 ഓളം വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. മെട്രോ ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിച്ചതിനെതിരെ ഒക്ടോബർ ആറിനാണ് ചിലിയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ തയ്യാറായെങ്കിലും അസമത്വത്തിനെതിരായ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് സമരക്കാർ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top