കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

കൊച്ചി കോര്‍പറേഷന്‍ ഭരണം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യതയെപ്പോലും ബാധിച്ചുവെന്ന് യുഡിഎഫ് നേതാക്കള്‍. സൗമിനി ജെയിനെ ഒരു മാസത്തിനകം മാറ്റും. പുതുമുഖങ്ങള്‍ വേണമെന്നും ഡൊമിനിക് പ്രസന്റേഷനെപ്പോലെയുള്ള നേതാക്കള്‍ ആവശ്യമുന്നയിച്ചു.
അതേസമയം പ്രതിസന്ധിയുണ്ടാകുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയല്ല വേണ്ടതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെനിന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും സൗമിനി ജെയിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
വലിയ രാഷ്ട്രീയ വിവാദത്തിനാണ് കൊച്ചിയിലെ മഴയും വെള്ളക്കെട്ടും വഴിവെച്ചത്. വെള്ളക്കെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഇന്നലെ വലിയ പ്രതിസന്ധിയും പൊട്ടിത്തെറിയും ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിലെ തന്നെ എ ഗ്രൂപ്പിനുള്ളിലാണ് ഇത്തരത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന്റെ വിജയ സാധ്യതയെ പോലും ബാധിക്കുന്ന രീതിയില്‍ കോര്‍പറേഷന് വലിയ വീഴ്ച പറ്റിയെന്നതാണ് യുഡിഎഫ് ആരോപണം. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന് കോണ്‍ഗ്രസിനെതിരെ അതിശക്തമായ വികാരം ഉണ്ടായി. അതിനാല്‍ ഒരു മാസത്തിനകം സൗമിനി ജെയിനെ മാറ്റിക്കൊണ്ട് ഒരു പുതുമുഖത്തെ കോര്‍പറേഷനുവേണ്ടി അവതരിപ്പിക്കണം എന്നുള്ളതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് ബാധ്യതയായി.
ഉപതെരഞ്ഞെടുപ്പിനെ ഇപ്പോള്‍ ഉണ്ടായ വെള്ളക്കെട്ടും കോര്‍പറേഷന്റെ കെടുകാര്യസ്ഥതയും അതിരൂക്ഷമായി ബാധിച്ചു. പാര്‍ട്ടിയുടെ ജയസാധ്യതയെ പോലും ഇത് ബാധിച്ചു. ഇതുവരെ കോര്‍പറേഷനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും കടുത്ത പ്രതിരോധത്തിലാണ് പാര്‍ട്ടിയെ കൊണ്ടുപോയി എത്തിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. അതേസമയം കോര്‍പറേഷന് വലിയ വീഴ്ചയാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഉണ്ടായിരിക്കുന്നതെന്നും ഏകോപനമുണ്ടായില്ലെന്നും ട്വന്റിഫോറിനോട് തുറന്നു പറയാന്‍ ഡൊമിനിക് പ്രസന്റേഷന്‍ തയാറായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here