മാർക്ക് ദാനവിവാദം: ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതിക സർവ്വകലാശാല പരീക്ഷാ പരിഷ്‌കരണത്തിൽ മന്ത്രി കെടി ജലീൽ നേരിട്ട് ഇടപെട്ടെന്നാണ് ആരോപണം. കെടിയുവിൽ പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിർദേശിച്ചവെന്നും സർവകലാശാലയുടെ പരമാധികാരത്തെ മറികടന്നാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല പറഞ്ഞു.

സർവകലാശാലയുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന രീതിയിൽ മന്ത്രി കെടി ജലീൽ ഇടപെട്ടുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.സാങ്കേതിക സർവകലാശാലയുടെ ചോദ്യപേപ്പർ തയാറാക്കലും പരീക്ഷാ നടത്തിപ്പും പരിഷ്‌ക്കരിച്ച് മന്ത്രി
നേരിട്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലാ സിൻഡിക്കേറ്റിലോ അക്കാദമിക് സമിതികളിലോ ചർച്ച ചെയ്യാതെ വിസിക്ക് ഉത്തരവ് നൽകിയെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.

Read Also: മാർക്ക് ദാനവിവാദം; കെടി ജലീലിനെതിരെ രമേശ് ചെന്നിത്തല ഗവർണർക്ക് നിവേദനം നൽകി

ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതല മന്ത്രി നിർദേശിച്ച സമിതിക്ക് നൽകി. നേരത്തെ ഇത് പരീക്ഷാ കൺട്രോളറുടെ ചുമതലയായിരുന്നു. മന്ത്രിയുടെത് ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന നീക്കമാണ്. ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഘടനാപരമായ ഇത്രയും വലിയ മാറ്റം വരുത്തുമ്പോൾ അത് സർവകലാശാല സിൻഡിക്കേറ്റിൽ ചർച്ച ചെയ്യേണ്ടതായിരുന്നു. പക്ഷെ
മന്ത്രിയുടെ ഓഫീസിൽ പദ്ധതി നിർദേശം തയാറാക്കുകയും അത് മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാൻ വിസിയോട് ആജ്ഞാപിക്കുകയുമായിരുന്നു. വിസിക്ക് ഇങ്ങനെയൊരു ഉത്തരവ് നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. ഇക്കാര്യങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്കു വീണ്ടും കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top