എല്ലാം എത്ര വേഗമാണ് മറന്നത്..? മഞ്ജുവിന് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന മഞ്ജുവാര്യരുടെ പരാതിക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജു തനിക്കെതിരെ പരാതി ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നടിയെന്ന നിലയില്‍ സമ്മര്‍ദങ്ങളും ഭീഷണികളും അതിജീവിക്കാന്‍ മഞ്ജുവിനെ സഹായിച്ചത് താനാണെന്നും എന്തിനാണ് തനിക്കും സുഹൃത്ത് മാത്യു സാമുവലിനും എതിരെ പരാതി നല്‍കിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. മഞ്ജു വാര്യര്‍ തനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്.ഈ പരാതി സംബന്ധിച്ച് വരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു. ഓദ്യോഗിക ആവശ്യങ്ങള്‍ക്കായി ശ്രീകുമാര്‍ മേനോന് നല്‍കിയ രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജു വാര്യര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഒടിയന്‍ ചിത്രത്തിനു ശേഷം തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുമാണ്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരാതിക്കൊപ്പം കൈമാറിയെന്നാണ് സൂചന. പരാതിയിന്മേല്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. പൊലീസ് മേധാവിയെ നേരില്‍ കണ്ടാണ് മഞ്ജു പരാതി നല്‍കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More