വിദേശ തൊഴിലാളികൾക്ക് ഗസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയിലുളള വിദേശ തൊഴിലാളികൾക്ക് ഗസ്റ്റ് വിസ അനുവദിക്കുന്നു. വിദേശത്തുളള ബന്ധക്കൾ, സുഹൃത്തുക്കൾ എന്നിവർക്കെല്ലാം സൗദി സന്ദർശിക്കുന്നതിന് ഗസ്റ്റ് വിസ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താമസാനുമതി രേഖയായ ഇഖാമയുളള വിദേശ തൊഴിലാളികൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ അതിഥികളെ കൊണ്ടുവരുന്നതിനാണ് ഗസ്റ്റ് വിസ അനുവദിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഗസ്റ്റ് വിസ അനുവദിക്കുമെന്ന് ദേശിയ തീർത്ഥാടക സമിതി ഉപാധ്യക്ഷൻ അബ്ദുല്ല ഖാദി പറഞ്ഞു. 90 ദിവസം കാലാവധിയുള്ള വിസകൾ അനുവദിക്കാനാണ് ആലോചിക്കുന്നത്.
Read Also : സൗദിയിൽ ഇന്ന് മുതൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ
ടൂറിസ്റ്റ് വിസ അനുവദിക്കുകയും വിസ ഫീസ് ഏകീകരിക്കുകയും ചെയ്തതിന് പിന്നാലെയുളള സുപ്രധാന പ്രഖ്യാപനമാണ് ഗസ്റ്റ് വിസ. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ ഒന്ന് വിദേശികളാണ്. നൂറിലധികം രാജ്യങ്ങളിൽ നിന്നുളളവരാണ് സൗദിയിൽ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗസ്റ്റ് വിസ വിതരണം ആരംഭിക്കുന്നതോടെ കൂടുതൽ വിദേശികൾ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശികൾ കൂടുതലായി രാജ്യത്ത് എത്തുന്നത് വിപണിയെ സജീവമാക്കും. വിനോദ സഞ്ചാര മേഖലയെയും സഹായിക്കുകയും ചെയ്യും. പുതിയ തീരുമാനം സമ്പദ്ഘടനക്ക് കരുത്തുപകരുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here